ദേശീയം
വ്യോമയാന രംഗത്ത് കുതിക്കാന്‍ മലയാളി; ഫ്‌ളൈ 91 വിമാനക്കമ്പനിക്ക് അനുമതി
മലയാളിയായ മനോജ് ചാക്കോ നേതൃത്വം നല്‍കുന്ന വിമാനക്കമ്പനി ഫ്ളൈ 91ന് സര്‍വീസ് നടത്താന്‍ അനുമതി. ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ആണ് പുതിയ വിമാന കമ്പനിക്ക് എയര്‍ ഓപ്പറേറ്റര്‍ അനുമതി നല്‍കിയത്.
തൃശൂര്‍ സ്വദേശിയായ മനോജ് ചാക്കോ ഫെയര്‍ഫാക്സിന്റെ ഇന്ത്യാ വിഭാഗം മുന്‍ മേധാവിയായിരുന്ന ഹര്‍ഷ രാഘവനുമായി ചേര്‍ന്ന് സ്ഥാപിച്ച ഉഡോ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് ഫ്ളൈ91 പ്രവര്‍ത്തിക്കുക. ഗോവയിലെ മനോഹര്‍ രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രാദേശിക എയര്‍ലൈന്‍സ് സര്‍വീസായിരിക്കും ഫ്ളൈ 91.
കഴിഞ്ഞ മാര്‍ച്ച് രണ്ടിന് ഗോവയില്‍ നിന്നും ബെംഗളൂരുവിലേക്ക് ഫ്ളൈ 91 വിമാനം പറന്നിരുന്നു. ചെറു പട്ടണങ്ങളെ ആകാശമാര്‍ഗം ബന്ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയുടെ ഭാഗമായി സര്‍വീസ് നടത്തുകയാണ് ഫ്ളൈ91 കമ്പനിയുടെ ലക്ഷ്യം. തുടര്‍ന്ന് പദ്ധതിപ്രകാരം മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ്, ജല്‍ഗാവ്, നന്ദേഡ്, ലക്ഷദ്വീപിലെ അഗത്തി എന്നിവയെ ബന്ധിപ്പിക്കുന്ന റൂട്ടുകളാണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്.
ഹര്‍ഷയുടെ കണ്‍വര്‍ജന്റ് ഫിനാന്‍സാണ് കമ്പനിയിലെ മുഖ്യനിക്ഷേപകര്‍. നേരത്തെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന മനോജിന് വ്യോമയാന മേഖലകളില്‍ വര്‍ഷങ്ങളുടെ അനുഭവ പരിചയമുണ്ട്. ഇന്ത്യയുടെ ടെലിഫോണ്‍ കോഡ് ആയ 91 സൂചിപ്പിച്ചാണ് കമ്പനിക്ക് ഫ്ളൈ91 എന്ന് പേരിട്ടത്.