കേരളം
ഓണത്തോട് അനുബന്ധിച്ചുള്ള ബോണസ് തർക്കങ്ങൾ അടിയന്തരമായി പരിഹരിക്കാൻ തീരുമാനം
ഓണത്തോട് അനുബന്ധിച്ചുള്ള ബോണസ് തർക്കങ്ങൾ അടിയന്തരമായി പരിഹരിക്കാൻ തൊഴിൽ മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത തൊഴിലാളി സംഘടന പ്രതിനിധികളുടെ യോഗത്തിൽ തീരുമാനം. തർക്കമുള്ള ഇടങ്ങളിൽ ബന്ധപ്പെട്ട ജില്ലാ ലേബർ ഓഫീസർമാർ അടിയന്തരമായി ചർച്ച നടത്തി പ്രശ്നമ പരിഹാരം ഉണ്ടാക്കണം. തോട്ടം തൊഴിലാളികളുടെ വേതനം പുതുക്കി നിശ്ചയിക്കാൻ ചർച്ചകൾ നടത്തി, എല്ലാവർക്കും സ്വീകാര്യമായ ഒരു തീർപ്പുണ്ടാക്കാൻ കഴിഞ്ഞു.
വേതന കുടിശ്ശിക സംബന്ധിച്ചും തീരുമാനം ഉണ്ടാക്കാൻ കഴിഞ്ഞു. തോട്ടം മേഖലയിലെ പൊതുവായ പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് ലേബർ കമ്മീഷണർ ചെയർമാനായ ഒരു സബ് കമ്മിറ്റി രൂപീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ തോട്ടങ്ങളിലെ വാസയോഗ്യമല്ലാത്ത ലയങ്ങളുടെ പുനരുദ്ധാരണം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടി ഈ മാസം 20-ാം തീയതി ഇടുക്കി കളക്ടറേറ്റിൽ വെച്ച് യോഗം വിളിച്ചിട്ടുണ്ട്.
സംഘടിത വ്യവസായങ്ങളിൽ ഈ കാലയളവിൽ ഗുരുതരമായ തർക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ സർക്കാർ ഇടപെടുന്നുണ്ട്. ഈ മാസം 14 ന് ബോർഡ് ചെയർമാന്മാരുടെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെയും സംയുക്ത യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. മിനിമം വേതനം പുതുക്കി നിശ്ചയിക്കാനുള്ള നടപടികൾ ത്വരിത ഗതിയിൽ നടന്നു വരികയാണെന്നും മന്ത്രി അറിയിച്ചു.
യോഗത്തിൽ ലേബർ സെക്രട്ടറി അജിത് കുമാർ ഐഎഎസ്, ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ, സിഐടിയുവിനെ പ്രതിനിധീകരിച്ച് എളമരം കരീം എംപി, ഐഎൻടിയുസി പ്രതിനിധി ആർ ചന്ദ്രശേഖരൻ, എഐടിയുസി പ്രതിനിധി ജെ ഉദയഭാനു,എച്ച്എംഎസ് പ്രതിനിധി ടോമി മാത്യു,എസ് ടി യു പ്രതിനിധി യു പോക്കർ, യു ടി യു സി പ്രതിനിധി ബാബു ദിവാകരൻ തുടങ്ങി സംസ്ഥാനത്തെ എല്ലാ തൊഴിലാളി സംഘടന പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.