കേരളം
ജയിലിൽ നിന്ന് തീരുമാനം, കെപിസിസി ജനറൽ സെക്രട്ടറി കെ കെ എബ്രഹാം രാജിവച്ചു; ജയിലിൽ നിന്ന് സുധാകരന് കത്തയച്ചു
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസിൽ റിമാൻഡിലായ കെ കെ എബ്രഹാം രാജിവച്ചു. കെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് കെ കെ എബ്രഹാം രാജി വച്ചത്. ജയിലിൽ നിന്നാണ് കെ പി സി സി പ്രസിഡണ്ടിന് രാജി കത്തയച്ചത്. നിരപരാധിത്വം തെളിയിക്കും വരെ മാറി നിൽക്കുന്നുവെന്നാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരന് അയച്ച കത്തിൽ കെ കെ എബ്രഹാം പറയുന്നത്. പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിലാണ് എബ്രഹാം ജയിലിലായത്.
വായ്പ തട്ടിപ്പിനിരയായ രാജേന്ദ്രന്‍റെ ആത്മഹത്യയെ തുടർന്നുണ്ടായ പ്രതിഷേധമാണ് വിജിലൻസ് നടപടികൾ വേഗത്തിലാക്കിയത്. കെ പി സി സി ജനറൽ സെക്രട്ടറിയും മുൻ ബാങ്ക് ഭരണ സമിതി പ്രസിഡന്‍റുമായ കെ കെ എബ്രഹാം ഉൾപ്പെടെ 10 പേരാണ് പ്രതി പട്ടികയിൽ ഉള്ളത്. കെ കെ എബ്രഹാം, മുൻ ബാങ്ക് സെക്രട്ടറി രമാദേവി എന്നിവർ പുൽപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിൽ ആണ്.