കേരളം
ശ്രദ്ധയുടെ മരണം: കോളജുകളിലെ പരാതി പരിഹാര സെൽ
അമൽജ്യോതി എൻജിനീയറിംഗ് കോളജിലെ വിദ്യാർത്ഥിനി ശ്രദ്ധ ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്വാശ്രയ കോളജുകളിൽ വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കുമെന്ന് മന്ത്രി ആർ ബിന്ദു. തിരുവനന്തപുരത്ത് വാർത്താസമ്മേളനം വിളിച്ചുചേർത്താണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം. അതേസമയം മഹാരാജാസ് കോളജുമായി ബന്ധപ്പെട്ട മാർക് ലിസ്റ്റ് വിവാദത്തിലും വ്യാജരേഖ വിവാദത്തിലും ആർ ബിന്ദു പ്രതികരിച്ചു.
കോളജുകളിൽ പ്രിൻസിപ്പാളായിരിക്കും സെൽ മേധാവി. സർവകലാശാലകളിൽ വകുപ്പ് മേധാവി അധ്യക്ഷനാകും. പരാതി പരിഹാര സെല്ലിൽ ഒരു വനിതയുണ്ടാകും. വിദ്യാർത്ഥി യൂണിയൻ പ്രതിനിധികളും സെല്ലിൽ ഉണ്ടാകും. ഏഴ് അംഗങ്ങളായിരിക്കും പരാതി പരിഹാര സെല്ലിൽ ഉണ്ടാവുകയെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥി പരാതി പരിഹാര സെല്ലിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ സർവകലാശാലയിൽ മോണറ്ററിംഗ് സമിതിയെ സമീപിക്കാൻ അവസരമുണ്ടാകും. ഇക്കാര്യം ഉടൻ സർവകലാശാല നിയമത്തിന്റെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാർത്ഥികളുടെ പരാതിയിൽ നടപടിയെടുത്തില്ലെങ്കിൽ കോളജിന്റെ അംഗീകാരം റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും അല്ലെങ്കിൽ പുതിയ കോഴ്സുകൾ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. മഹാരാജാസ് കോളജുമായി ബന്ധപ്പെട്ട മാർക് ലിസ്റ്റ് വിവാദത്തിലും വ്യാജരേഖ വിവാദത്തിലും ആർ ബിന്ദു പ്രതികരിച്ചു. മഹാരാജാസ് കോളജ് എൻഐആർഎഫ് റാങ്കിങിൽ ഉന്നത സ്ഥാനമുള്ള സംസ്ഥാനത്തെ മഹിതമായ പാരമ്പര്യമുള്ള കലാലയം. അതിന്റെ സത്പേരിന് കളങ്കം വരരുത്. മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിഷയം ആർഷോയുടെ കുറ്റമല്ല, സാങ്കേതിക പിഴവാണ്. ഇതിൻ്റെ പേരിൽ പ്രതിക്കൂട്ടിൽ നിർത്തേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
മഹാരാജാസ് കോളജോ പ്രിൻസിപ്പലോ വ്യാജരേഖ കേസിൽ കുറ്റക്കാരല്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യയാണ് തെറ്റ് ചെയ്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. വിദ്യയുടെ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.