കേരളം
ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രമാകും
അടുത്ത 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യയ്ക്കു മുകളില്‍ എത്തിച്ചേരാന്‍ സാധ്യത. തുടക്കം ദുര്‍ബലമായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. അതേസമയം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടി മിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഞായറാഴ്ചയോടെ തീവ്ര ചുഴലിക്കാറ്റായി മാറി വടക്ക് -വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ചൊവ്വാഴ്ച രാവിലെയോടെ തെക്കന്‍ ഒമാന്‍ – യെമന്‍ തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. തിങ്കളാഴ്ചയോടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിന് പുറമേ കോമറിന്‍ മേഖലക്ക് മുകളില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി വരുംദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.