കേരളം
കുസാറ്റ് ദുരന്തം: 1000 പേരെ ഉൾക്കൊള്ളുന്നിടത്ത് എത്തിയത് 4000 പേർ, കോടതിയിൽ റിപ്പോർട്ട് നൽകി പൊലീസ്
ഓഡിറ്റോറിയത്തിൽ ഉൾക്കൊള്ളാനാകുന്നതിലും കൂടുതൽ ആളുകളെ പ്രവേശിപ്പിച്ചതാണ് കുസാറ്റ് ദുരന്തത്തിന് കാരണമെന്ന് ഹൈക്കോടതിയിൽ പൊലീസ് വിശദീകരണം. ആയിരം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഓഡിറ്റോറിയത്തിൽ നാലായിരം പേരാണ് എത്തിയത്. സംഗീത പരിപാടിയിൽ പങ്കെടുക്കാൻ ക്യാംപസിന് പുറത്ത് നിന്നും ആളുകളെത്തിയതും ബുദ്ധിമുട്ടായി. പങ്കെടുക്കുന്ന ആളുകളുടെ എണ്ണം മുൻകൂട്ടി കാണാൻ സംഘാടകർക്ക് സാധിച്ചില്ലെന്നും കോടതിയിൽ പൊലീസ് വ്യക്തമാക്കി.
ഓഡിറ്റോറിയത്തിലേക്കുള്ള പടികളുടെ നിർമ്മാണത്തിലെ അപാകത അപകടമുണ്ടാക്കുന്നതിന് കാരണമായെന്ന് തൃക്കാക്കര അസി. കമ്മീഷണർ കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു നൽകിയ ഹർജിയിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. ഹർജി ജനുവരി 18 ന് വീണ്ടും പരിഗണിക്കും.