കേരളം
കുസാറ്റ് അപകടം; 25 വിദ്യാർത്ഥികളെ ഡിസ്ചാർജ് ചെയ്‌തു, ചികത്സയിലുള്ളത് 18 പേർ
കുസാറ്റ് അപകടത്തിൽ 25 വിദ്യാർത്ഥികളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തു. നിലവിൽ ചികത്സയിലുള്ളത് 18 പേർ. ഐസിയുയിൽ ഉള്ളത് ഏഴ് പേർ. പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന 2 വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ടുപേരെയും വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഇവരടക്കം 17 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ ഉള്ളത്.
ക്യാമ്പസില്‍ അപകടം നടന്ന ഓഡിറ്റോറിയത്തില്‍ പരിശോധന നടത്തി വിദഗ്ധ സംഘം. ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച സമിതി അംഗങ്ങളാണ് വിശദമായ പരിശോധന നടത്തിയത്. തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ നിന്നുള്ള രണ്ടു പേരാണ് ഓഡിറ്റോറിയത്തിൽ സാങ്കേതിക പരിശോധന നടത്തിയത്.
പടവുകളുടെയും പ്രധാന ഭാഗങ്ങളുടെയും അളവുകള്‍ രേഖപ്പെടുത്തിയെന്നും വിശദമായി പരിശോധിച്ചുവെന്നും സമിതി അംഗം ഡോ. സുനില്‍ പറഞ്ഞു. തുടര്‍ന്നും പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എം എസ് രാജാശ്രീയുടെ നേതൃത്വത്തിലുള്ള സംഘം കുസാറ്റില്‍ പരിശോധന നടത്തുന്നുണ്ടെന്നും ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയെടുക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.