കേരളം
സന്ദീപിന്‍റെ മൊഴിയിൽ ഞെട്ടിക്കുന്ന വസ്തുതകൾ’;ഇഡിക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്ന് ക്രൈംബ്രാഞ്ച്
ഇഡി ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്ന് ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച്. ഇഡിയ്ക്കെതിരായ എഫ്ഐആര്‍ നിയമപരമായി നിലനിൽക്കുന്നത്. സന്ദീപ് നായരുടെ മൊഴിയിൽ ഞെട്ടിക്കുന്ന വസ്തുതകൾ ഉണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. മൊഴി പൂർണമായി വെളിപ്പെടുത്തിയാൽ അന്വേഷണത്തെ ബാധിക്കും. മൊഴിപ്പകർപ്പ് മുദ്രവച്ച കവറിൽ കോടതിക്ക് നൽകാമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
അന്വേഷണത്തിനെതിരായ ഇഡി ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും ഹർജി തള്ളണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. സർക്കാരിന് വേണ്ടി മുൻ അഡിഷണൽ സൊലീസിറ്റെർ ജനറൽ ഹരിൻ പി റാവൽ ഹാജരായി. അന്വേഷണത്തിന്‍റെ മറവിൽ കേസുമായി ബന്ധമില്ലാത്തവർക്ക് എതിരെ വ്യാജ തെളിവുണ്ടാക്കാൻ ഇഡിയ്ക്ക് അധികാരമില്ലെന്ന് സർക്കാർ കോടതിയില്‍ പറഞ്ഞു. കള്ളപ്പണ ഇടപാട് അന്വേഷണവുമായി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ബന്ധമില്ല.
സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖയെ കുറിച്ചാണ് അന്വേഷണം. ഇഡിക്കെതിരെ ഉയർന്ന ആരോപണം സത്യമാണെങ്കിൽ അത് ഗുരുതരമാണ്. ഒരു അന്വേഷണ ഏജൻസിക്കും വ്യാജ തെളിവ് ഉണ്ടാക്കാൻ അധികാരം ഇല്ലെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു. ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് എടുത്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
സ്വർണ്ണക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്നാണ് ഇഡിയുടെ വാദം. ഒരു അന്വേഷണ ഏജന്‍സി ശേഖരിച്ച തെളിവുകളുടെ സാധുത പരിശോധിക്കേണ്ടത് കോടതിയാണ്. സമാന്തര പരിശോധനയ്ക്ക് മറ്റൊരു ഏജന്‍സിക്ക് അധികാരമില്ല. അന്തിമ വിധി വരുന്നത് വരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേ വേണമെന്നും ഹർജിയിൽ ഇഡി ആവശ്യപ്പെടുന്നു.