കേരളം
നാദാപുരത്ത് യുവതിയുടെ കഴുത്തിലെ മാല തട്ടിപ്പറിച്ചത് ബ്രാഞ്ച് സെക്രട്ടറിയാണെന്ന പ്രചരണത്തിനെതിരെ പരാതിയുമായി സിപിഎം
നാദാപുരത്ത് യുവതിയുടെ കഴുത്തിലെ മാല തട്ടിപ്പറിച്ചത് ബ്രാഞ്ച് സെക്രട്ടറിയാണെന്ന പ്രചരണത്തിനെതിരെ പരാതിയുമായി സിപിഎം. സോഷ്യല്‍മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയ യാസര്‍ എടപ്പാള്‍, കൊണ്ടോട്ടി അബു തുടങ്ങിയ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെയാണ് സിപിഎം വാണിമേല്‍ ലോക്കല്‍ സെക്രട്ടറി ടി പ്രദീപ് കുമാര്‍ വളയം പൊലീസിന് പരാതി നല്‍കിയത്.
നാദാപുരം തൂണേരിയില്‍ സ്ത്രീയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ച വാണിമേല്‍ സ്വദേശി സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണെന്നായിരുന്നു സോഷ്യല്‍മീഡിയയിലെ പ്രചരണം. യുഡിഎഫ് അനുകൂല പ്രൊഫൈലുകളാണ് വ്യാജപ്രചരണം നടത്തിയതെന്ന് സിപിഎം ആരോപിച്ചിരുന്നു. മാല പൊട്ടിച്ച കേസിലെ പ്രതി സിപിഎം അംഗം പോലുമായിട്ടില്ലെന്ന് പാർട്ടി പ്രാദേശിക നേതൃത്വം പറഞ്ഞിരുന്നു.
പാര്‍ട്ടിയെ പൊതുജനമധ്യത്തില്‍ താറടിക്കുന്നതിനായി ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്ന കള്ള വാര്‍ത്ത അവജ്ഞയോടെ തള്ളിക്കളയണം. കള്ളപ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കി.