കേരളം
സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി
കൊവിഡ് പടരുന്നതിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്നും പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ അറിയിച്ചു.
വിമർശനം ഉയർന്നപ്പോഴും സമ്മേളനങ്ങൾ മാറ്റില്ലെന്ന നിലപാടിലായിരുന്നു സിപിഎം നേതൃത്വം. ഇതോടെ കാസർകോട്ടെ വിഷയം കോടതി കയറി. ഹൈക്കോടതി ഇടപെടലിന് പിന്നാലെ ഒറ്റ ദിവസം കൊണ്ട് കാസർകോട് സമ്മേളനം സിപിഎമ്മിന് അവസാനിപ്പിക്കേണ്ടി വന്നു. തൃശ്ശൂരിലും നടപടികൾ വെട്ടിച്ചുരുക്കി. തൃശൂർ സമ്മേളനം ഇന്ന് അവസാനിപ്പിക്കാണ് തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ആലപ്പുഴ സമ്മേളനവും മാറ്റിവെക്കാൻ തീരുമാനിച്ചത്.
പാർട്ടി സമ്മേളനം നടത്താൻ ജില്ലാതലങ്ങളിലെ കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയെന്ന പ്രതിപക്ഷ വിമർശനത്തിന് പിന്നാലെയുണ്ടായ ഹൈക്കോടതി ഇടപെടൽ സിപിഎമ്മിനെ കടുത്ത വെട്ടിലാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തുമ്പോഴും പാർട്ടി സമ്മേളനങ്ങൾ യഥേഷ്ടം നടത്തുന്നതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം കടുത്ത വിമർശനമാണുണ്ടായത്. ടിപിആർ അടിസ്ഥാനത്തിലെ നിയന്ത്രണം മാറ്റിയത് ശാസ്ത്രീയ തീരുമാന പ്രകാരമെന്ന് പറഞ്ഞായിരുന്നു സമ്മേളനങ്ങളെ ആരോഗ്യമന്ത്രി ന്യായീകരിച്ചത്. മമ്മൂട്ടിക്ക് കൊവിഡ് വന്നത് ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടെന്ന വിചിത്ര ചോദ്യമാണ് കോടിയേരി ഉയർത്തിയത്.