ദേശീയം
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 78 ലക്ഷം കടന്നു; 70 ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് രോഗികളുടെ എണ്ണം 78 ലക്ഷം കടന്നു.
കേന്ദ്രത്തിന്റെ കണക്കുകള്‍ അനുസരിച്ച് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 78,14,682 ആയി. 24 മണിക്കൂറിനിടെ 650 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
ഇതോടെ ആകെ കൊവിഡ് മരണം 1,17,956 ആയി. രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം കുറയുകയാണ്. രോഗമുക്തരായവരുടെ എണ്ണം 70 ലക്ഷം കടന്നു. 67,549 പേര്‍ കൂടി ഇന്നലെ രോഗമുക്തി നേടിയതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 70,16,046 ആയി. 12 ദിവസത്തിനിടെ 10 ലക്ഷം പേരാണ് രോഗമുക്തി നേടിയത്.
ഒക്ടോബര്‍ 23 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 10,13,82,564 സാമ്പിളുകള്‍ പരിശോധിച്ചുവെന്നാണ് ഐ.സി.എം.ആര്‍ നല്‍കുന്ന കണക്ക്. ഇന്നലെ മാത്രം 12,69,479 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പറയുന്നു.