കേരളം
കൊവിഡ് നഷ്ടപരിഹാരം; വ്യാജ അപേക്ഷകരെ കണ്ടെത്തണമെന്ന് കേന്ദ്രസർക്കാർ
കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം കൊടുക്കുന്നത് സംബന്ധിച്ച് വ്യാജ അപേക്ഷകൾ നൽകുന്നതിൽ അന്വേഷണം വേണമെന്ന് കേന്ദ്രസർക്കാർ. ആനുകൂല്യം ലഭിക്കുന്നതിനായി വ്യാജ അപേക്ഷകൾ നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് റിപ്പോർട്ട് കിട്ടിയിട്ടുണ്ടെന്ന് സുപ്രിം കോടതിയെ കേന്ദ്രം അറിയിച്ചു.
വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിടാൻ അനുമതി നൽകണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നത്. സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിച്ച അപേക്ഷകളുടെ രേഖകൾ പരിശോധിക്കാനും തുടർനടപടികൾ സ്വീകരിക്കുന്നതിനും സൂക്ഷ്മപരിശോധന നടുത്തുന്നതിനും വേണ്ടി ഒരു കേന്ദ്ര ഏജൻസിയെ ഏർപ്പെടുത്തണമെന്നും കേന്ദ്രം സുപ്രിം കോടതിയോട് ആവശ്യപ്പെട്ടു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം കൊടുക്കണമെന്ന് കഴിഞ്ഞ വർഷം ജൂണിൽ സുപ്രിം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ നഷ്ടപരിഹാരം കിട്ടാനായി ആരും ഈ അവസരം ദുരുപയോഗം ചെയ്യരുതെന്നും കോടതി പറഞ്ഞിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കാണ് നഷ്ടപരിഹാരം ലഭിക്കുക.