കേരളം
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രസംഘം വീണ്ടും കേരളത്തിലേക്ക്
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രസംഘം വീണ്ടും കേരളത്തിലെത്തും. രോഗവ്യാപനം കുറയാതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസംഘം വീണ്ടും സംസ്ഥാനത്തെത്തുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ വിദഗ്ധ സംഘം കേരളത്തിലെത്തുമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളം, മഹാരാഷ്ട്ര ചീഫ് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തുമെന്നും ആരോഗ്യസെക്രട്ടറി പറഞ്ഞു.
രാജ്യത്തെ 50 ശതമാനം കോവിഡ് കേസുകളും കേരളത്തില്‍ നിന്നാണ്. അടുത്തിടെ ആഘോഷങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഇളവുകളാണ് ഇതിന് കാരണം. നിയന്ത്രണങ്ങളിലെ ഇളവുകള്‍ തീവ്രവ്യാപനത്തിന് വഴിവെച്ചതായും കേന്ദ്ര ആരോഗ്യസെക്രട്ടറി കുറ്റപ്പെടുത്തി. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും കേന്ദ്ര ആരോഗ്യവകുപ്പ് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
ജൂണ്‍ 28 ന് ശേഷം കോട്ടയത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ 64 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. മലപ്പുറത്ത് 59 ശതമാനവും എറണാകുളത്ത് 46.5 ശതമാനവും തൃശൂരില്‍ 45.4 ശതമാനവും വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ കണ്ടെയ്ന്റ്‌മെന്റ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ 95 ശതമാനം കോവിഡ് രോഗികളും വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ഹോം ഐസൊലേഷനില്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം. കേരളത്തിലുള്ള അതിഥിതൊഴിലാളികള്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാകുന്നില്ലെന്ന് രാജേഷ് ഭൂഷണ്‍ പറഞ്ഞു. കോവിഡ് ബാധിതരാകുന്ന ചിലര്‍ ഐസൊലേഷന്‍ സെന്ററുകളില്‍ അഡ്മിറ്റ് ആകാന്‍ തയ്യാറാകുന്നില്ല. അവരെ കൗണ്‍സലിംഗിന് വിധേയരാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.