ദേശീയം
രാജ്യത്ത് ഇന്ന് റെക്കോര്‍ഡ് വാക്സീൻ വിതരണം; ഇന്നു വാക്‌സിന്‍ നല്‍കിയത് 93 ലക്ഷം പേര്‍ക്ക്
ഇന്ത്യയില്‍ ഇന്ന് റെക്കോര്‍ഡ് കൊറോണ വാക്‌സിനേഷന്‍. ഇന്ന് 93 ലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വ്യക്തമാക്കി. ജനുവരിയില്‍ രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതില്‍ പിന്നെ പ്രതിദിനം ഏറ്റവും കൂടുതല്‍ വാക്‌സിന്‍ വിതരണം എന്ന റെക്കോര്‍ഡാണ് ഇന്നത്തേത്.
രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്‌സിനുകളുടെ എണ്ണം 61 കോടി കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 79,48,439 ഡോസുള്‍പ്പെടെ, ഇന്നു രാവിലെ ഏഴു വരെയുള്ള കണക്കനുസരിച്ച് 66,60,983 സെഷനുകളിലൂടെ ആകെ 61.22 കോടിയിലേറെ (61,22,08,542) ഡോസ് വാക്സിന്‍ നല്‍കി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 32,988 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,18,21,428 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.60% ആയി. തുടര്‍ച്ചയായ 61-ാം ദിവസവും 50,000 ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 44,658 പേര്‍ക്കാണ്.
നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 3,44,899 പേരാണ്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.06 % മാത്രമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,24,931 പരിശോധനകള്‍ നടത്തി. ആകെ 51.49 കോടിയിലേറെ (51,49,54,309)പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.