ദേശീയം
സർക്കാർ വാർത്തകൾക്ക് സമൂഹ മാധ്യമങ്ങളിൽ നിയന്ത്രണം
കേന്ദ്ര സർക്കാരിനെക്കുറിച്ച് തെറ്റായ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തടയാനാണ് നിയമ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഏതെങ്കിലും സമൂഹ മാധ്യമം തെറ്റായ വാർത്ത നൽകിയതായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ കണ്ടെത്തിയാൽ അക്കാര്യത്തിൽ ബ്യൂറോ മുന്നറിയിപ്പ് നൽകും. തുടർന്ന് വാർത്ത എത്രയും വേഗം നീക്കം ചെയ്യണം എന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. ഇന്നലെയാണ് കേന്ദ്ര സർക്കാർ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
സമൂഹ മാധ്യമങ്ങളെ സെൻസർ ചെയ്യാനുള്ള നീക്കമായി ഭേദഗതിയെ വ്യാഖ്യാനിക്കേണ്ടതില്ല എന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എന്നാൽ മുൻകാലങ്ങളിൽ സമൂഹ മാധ്യമങ്ങൾ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യം തുടരില്ല. അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനാകുമെന്നും അദ്ധേഹം വ്യക്തമാക്കി.
പുതിയ നിയമം അനുസരിച്ച് സർക്കാർ ചുമതലപ്പെടുത്തുന്ന ഒരു വസ്തുതാ പരിശോധനാ സമിതിയായിരിക്കും വാർത്തകൾ പരിശോധിക്കുക. പ്രസ്തുത സമിതി ബന്ധപ്പെട്ട വകുപ്പുകളോട് വാർത്തയുടെ വസ്തുതകൾ തേടും. ആ വസ്തുതകളുമായി പൊരുത്തപ്പെടാത്ത പക്ഷം വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് കണ്ടെത്തുകയും അതിനെ ‘fake news’ ആയി പ്രഖ്യാപിക്കുകയും ചെയ്യും. തുടർന്ന് വാർത്ത നീക്കം ചെയ്യാൻ ആവശ്യപ്പെടും. എന്നാൽ വാർത്ത പിൻവലിക്കണം എന്ന നിർബന്ധമില്ല. പക്ഷെ കോടതി നടപടികൾക്ക് വിധേയമാകാൻ മാധ്യമം നിർബന്ധിതമാകും. ഇതാണ് പുതിയ ഭേദഗതിയുടെ ഉള്ളടക്കം.
പുതിയ ഭേദഗതിക്കെതിരെ ചില സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ തടയാനുള്ള നീക്കമാണ് പുതിയ നിയമമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രസ്താവനയിൽ ആരോപിച്ചു. കേന്ദ്ര സർക്കാരിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോക്ക് പരമാധികാരം നൽകാനുള്ള നീക്കമാണ് ഇതെന്നും ഗിൽഡ് കുറ്റപ്പെടുത്തി. അഭിപ്രായ സ്വാതന്ത്ര്യം എന്ന മൗലികാവകാശം എടുത്തുകളയുന്നതാണ് പുതിയ നിയമം എന്ന് ഇൻറർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ ആരോപിച്ചു.