രാജ്യാന്തരം
കീവില്‍ തുടരെ സ്‌ഫോടനങ്ങള്‍; രണ്ട് യുക്രൈന്‍ കപ്പലുകള്‍ റഷ്യ തകര്‍ത്തു
യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുന്നു. തലസ്ഥാനമായ കീവില്‍ പ്രവേശിച്ച സൈന്യം ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. കീവില്‍ വൈദ്യുത നിലയത്തിനു സമീപം തുടരെ സ്‌ഫോടനങ്ങള്‍. മൂന്ന് മിനിറ്റിനുള്ളില്‍ അഞ്ച് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടെന്നും കീവ് മേയര്‍ പറഞ്ഞു. യുക്രൈന്റെ രണ്ടു കപ്പലുകള്‍ റഷ്യന്‍ സേന തകര്‍ത്തു. ഒഡേസ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന രണ്ട് ചരക്കു കപ്പലുകളാണ് തകര്‍ത്തത്.
സൈനികവാഹനങ്ങളുമായി കീവ് നഗരത്തിലെത്തിയ റഷ്യന്‍ സൈന്യം രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. നഗരത്തില്‍ വ്യാപക സ്‌ഫോടനങ്ങള്‍ നടന്നതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കീവ് അന്താരാഷ്ട്ര വിമാനത്താവളം നിയന്ത്രണത്തിലായ റഷ്യന്‍ സേന, പാര്‍ലമെന്റ് മന്ദിരവും പ്രസിഡന്റിന്റെ കൊട്ടരവും അടക്കം തന്ത്രപ്രധാന കേന്ദ്രങ്ങള്‍ കീഴടക്കാനുള്ള നീക്കത്തിലാണ്.
കീവില്‍ യുക്രൈന്‍ സേനയും പ്രതിരോധം തുടരുകയാണ്.
റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതായി യുക്രൈന്‍ സൈന്യം അറിയിച്ചു. കീവിനടുത്ത് വാസല്‍കീവിലാണ് റഷ്യന്‍ സൈനിക വിമാനം വെടിവെച്ചിട്ടത്. സാധാരണ യുക്രൈന്‍ പൗരന്മാരും ആയുധങ്ങളുമായി റഷ്യന്‍ സേനയ്‌ക്കെതിരെ പോരാട്ടത്തിന് രംഗത്തിറങ്ങിയിട്ടുണ്ട്. അതിനിടെ രാജ്യം വിട്ടു പോയിട്ടില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കി.
ഞങ്ങള്‍ കീവിലുണ്ട്. സ്വാതന്ത്ര്യത്തിനായുള്ള പ്രതിരോധം തുടരുമെന്നും ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ സെലന്‍സ്‌കി വ്യക്തമാക്കി. റഷ്യന്‍ ആക്രമണത്തിനെതിരെ പ്രതിരോധിക്കാന്‍ യുക്രൈന്‍ ഇസ്രായേലിന്റെ സഹായം തേടിയിട്ടുണ്ട്. അരലക്ഷത്തിലധികം യുക്രൈനികള്‍ രാജ്യം വിട്ടെന്നാണ് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണം രൂക്ഷമായ കീവ് അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നാണ് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നത്. റെയില്‍വേ സ്‌റ്റേഷനില്‍ നാടുവിടാനെത്തിയവരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.