കേരളം
വണ്ടിപ്പെരിയാറിൽ യുവമോർച്ച മാർച്ചിൽ സംഘർഷം; തിരുവനന്തപുരത്ത് മഹിളാ കോൺഗ്രസ് പ്രതിഷേധം
വണ്ടിപ്പെരിയാർ പോക്സോ കേസിലെ പ്രതിയെ വെറുതെ വിട്ടതിനെതിരെ യുവമോർച്ച ബിജെപി പ്രവർത്തകർ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. വനിതാ പ്രവർത്തകർ അടക്കം ബാരിക്കേഡിന് മുകളിൽ കയറി. ഇതോടെയാണ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടായത്. ഇതിനിടെ ആറോളം പ്രവർത്തകരെ പൊലീസ് പിടികൂടി വാഹനത്തിൽ കയറ്റി. വനിതാ പ്രവർത്തകർ ഉൾപ്പെടെ പ്രതിഷേധം ശക്തമാക്കിയതോടെ ഇവരെ ഇറക്കിവിട്ടു. ഒരു മണിക്കൂറോളം കൊട്ടാരക്കര -ദിഡിഗൽ ദേശീയപാത ഉപരോധിച്ചു.
പ്രവർത്തകർ പിരിഞ്ഞു പോകുന്നതിനിടെ സിപിഎം ഓഫീസിന് മുന്നിൽ വച്ചു ഇരു വിഭാഗവും തമ്മിൽ വാക്കേറ്റം ഉണ്ടായി. പൊലീസ് ഇടപെട്ട് പിരിച്ചു വിട്ടു. സിപിഐയുടെ മഹിള സംഘം പ്രവർത്തകരും വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പ്രതിഷേധ യോഗത്തിന് ശേഷമാണ് വനിതകൾ മാർച്ച് നടത്തിയത്.
തിരുവനന്തപുരത്ത് മഹിളാ കോൺഗ്രസ് പ്രവർത്തകർ ഡിജിപി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി. ബാരിക്കേഡിന് മുകളിൽ കയറി മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഇതോടെ പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി. ഇതിനിടയിൽ ഒരു പൊലീസുകാരെൻറ വിസിൽ കോഡ് വലിച്ചു പൊട്ടിച്ചു. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.