കേരളം
എൽദോസ് എം എൽ എയ്ക്ക് മുൻകൂർ ജാമ്യം നല്‍കിയതിനെതിരെ അപ്പീൽ നൽകുമെന്ന് പരാതിക്കാരി
ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം നല്‍കിയതിനെതിരെ അപ്പീൽ നൽകുമെന്ന് പരാതിക്കാരി. കോടതിയിലും പൊലീസിലും പൂർണ വിശ്വാസമുണ്ടെന്നു പരാതിക്കാരി വ്യക്തമാക്കി. കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് ഉപാധികളോടെയാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
താൻ ക്രിമിനലാണെന്നു പറയുന്ന എംഎൽഎ തനിക്കൊപ്പം എന്തിന് കൂട്ടുകൂടിയെന്ന് പരാതിക്കാരി ചോദിച്ചു. തനിക്കെതിരെ സ്വഭാവദൂഷ്യം ആരോപിക്കുന്ന എൽദോസ് കുന്നപ്പിള്ളിയുടെ സ്വഭാവമെന്തെന്ന് തുറന്നു കാട്ടുമെന്നും പരാതിക്കാരി പറഞ്ഞു.
നവംബർ ഒന്നിന് മുൻപായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുന്നതടക്കം 11 കർശന ഉപാധികളോടെയാണ് എൽദോസിന് ജാമ്യം അനുവദിച്ചത്. ഫോണും പാസ്പോർട്ടും സറണ്ടർ ചെയ്യണം. രാജ്യം വിടരുത്. അഞ്ച് ലക്ഷം രൂപയോ തത്തുല്യമായ രണ്ട് ആൾ ജാമ്യമോ എടുക്കണം. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനോ ഇരയെ ഭീഷണിപ്പെടുത്താനോ പാടില്ല എന്നതടക്കമുള്ളതാണ് ഉപാധികൾ.