കേരളം
ദേശീയപാത അറ്റകുറ്റപ്പണിയില്‍ ക്രമക്കേട്; കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താന്‍ കലക്ടറുടെ ശുപാര്‍ശ
ദേശീയ പാതയുടെ കുഴിയടയ്ക്കല്‍ നടപടികള്‍ പരിശോധിച്ച് തൃശൂര്‍ ജില്ലാ കലക്ടര്‍. ഇടപ്പളളി മണ്ണൂത്തി-ദേശീയപാതയിലെ അറ്റകുറ്റപ്പണി തൃശൂര്‍ എറണാകുളം കലക്ടര്‍മാര്‍ പരിശോധിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് തൃശൂര്‍ കലക്ടര്‍ ഹരിത വി കുമാര്‍ സന്ദര്‍ശനം നടത്തിയത്. ദേശീയ പാതയിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ ക്രമക്കേടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.
വേണ്ടത്ര യന്ത്രങ്ങളോ ജോലിക്കാരോ കരാര്‍ കമ്പനിക്കില്ല. കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താന്‍ ദേശീയപാത അതോറിറ്റിയോട് ശുപാര്‍ശ ചെയ്‌തെന്നും നിലവിലെ സാഹചര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നടപടി.
ജസ്റ്റിസ് ദേവരാമചന്ദ്രന്‍ അമിക്കസ്‌ക്യൂറി വഴിയാണ് ജില്ലാകലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അടിയന്തരമായി അറ്റക്കുറ്റപ്പണിയുടെ സ്ഥിതിഗതികള്‍ വിലയിരുത്തണം. അറ്റകുറ്റപ്പണികളുടെ നിലവാരം പരിശോധിക്കണം എന്നുമാണ് നിര്‍ദേശം. ഹൈക്കോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ ദേശീയപാതയിലെ കുഴിയടക്കല്‍ ഇന്ന് ആരംഭിച്ചിരുന്നു.
എന്നാല്‍ കുഴിയടക്കല്‍ അശാസ്ത്രിയമായ രീതിയിലാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പാക്കറ്റിലാക്കിയ ടാര്‍ മിക്‌സ് കൊണ്ടുവന്ന് കുഴികളില്‍ തട്ടി കൈകോട്ട് ഉപയോഗിച്ച് ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അതിഥി തൊഴിലാളികള്‍ മാത്രമാണ് ജോലിക്കായി ഉള്ളത്. കരാര്‍ കമ്പനിയുടെ ഉദ്യോഗസ്ഥരോ ഉത്തരവാദിത്തത്തപ്പെട്ടവരോ ഇവരുടെ കൂടെ ഇല്ല. നിരന്തരം അപകടം നടക്കുന്ന മേഖലയാണെന്നും ഇത്തരത്തില്‍ ഒരു അറ്റകുറ്റപണി നടത്തിയിട്ട് കാര്യമില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.