Uncategorized
മുന്നാക്ക സംവരണം; എല്ലാ വിഭാഗത്തിലേയും പാവപ്പെട്ടവരെ കൂട്ടി യോജിപ്പിച്ച് പോകാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി
മുന്നാക്കക്കാരില്‍ പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിനുള്ള സംവരണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തിയത് മറ്റു വിഭാഗങ്ങളെ ബാധിക്കില്ല. അവര്‍ക്കു നിലവിലുള്ള സംവരണം അതേപടി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള സര്‍വേയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംവരണേതര വിഭാഗത്തില്‍ ഒരു വിഭാഗം പരമ ദരിദ്രരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ക്ക് ഒരു സംവരണ ആനുകൂല്യവും ലഭിക്കുന്നില്ല. ഇതാണ് 10% സംവരണമെന്ന ആവശ്യത്തിലേക്ക് എത്തുന്നതിന് ഇടയാക്കിയത്. 50% സംവരണം പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും നിലനില്‍ക്കുന്നുണ്ട്. പൊതുവിഭാഗത്തിലെ പാവപ്പെട്ട 10 ശതമാനത്തിനു കൂടി പ്രത്യേക പരിഗണന നല്‍കുന്നത് കൈത്താങ്ങാണ്. 50 ശതമാനത്തിനു ലഭിക്കുന്ന സംവരണം തുടരുന്നതിനാല്‍ ഈ 10 ശതമാനം സംവരണം അവരോടുള്ള വിരുദ്ധ നിലപാടായി മാറുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹിക ആഘാതം കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. ജാതി സംവരണമല്ല സാമ്പത്തികമാണ് പരിഗണിക്കുന്നത്. എന്നാല്‍ മുന്നാക്കക്കാരില്‍ പിന്നാക്കം നില്‍ക്കുന്ന വിഭാഗക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിന്റെ പേരില്‍ ചിലര്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചു. എല്ലാ വിഭാഗത്തിലേയും പാവപ്പെട്ട ജനങ്ങളെ കൂട്ടി യോജിപ്പിച്ച് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പരസ്പരം ആരോപണം ഉന്നയിക്കുന്നത് ഭിന്നിപ്പിന് അവസരം ഉണ്ടാക്കും. സംവരണ, സംവരണേതര വിഭാഗങ്ങളുടെ സംഘര്‍ഷമല്ല, ഒരുമിച്ച് നിന്ന് സാമൂഹിക സാമ്പത്തിക അവശതകള്‍ക്കെതിരെയുള്ള പൊതുവായ സമരനിരയാണ് രാജ്യത്ത് ഉയരേണ്ടത്. സംവരണത്തെ വൈകാരിക പ്രശ്‌നമായി വളര്‍ത്തി ജനത്തെ ഭിന്നിപ്പിക്കാന്‍ നോക്കുന്നവര്‍ യഥാര്‍ഥ പ്രശ്‌നത്തെ മറച്ചു വയ്ക്കാനാണ് ശ്രമിക്കുന്നത്.
എല്ലാ വിഭാഗത്തിലേയും പാവപ്പെട്ട ജനവിഭാഗങ്ങളെ കൂട്ടി യോജിപ്പിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന നയമാണ് സംവരണത്തിന്റെ കാര്യത്തിലും ഇടത് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള സര്‍വേയ്ക്കാണ് ഇന്ന് തുടക്കമായത്. ഓരോ വാര്‍ഡിലെയും 5 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയുള്ള സാംപിള്‍ സര്‍വേ നടത്താന്‍ കുടുംബശ്രീയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. 164 സമുദായങ്ങളാണ് മുന്നാക്ക സമുദായങ്ങളില്‍പ്പെടുന്നത്. 4 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമാണ് സംവരണാനുകൂല്യത്തിനുള്ള മാനദണ്ഡം. മുന്നാക്കക്കാരിലെ ദുരിതം നേരിടുന്നവര്‍ക്ക് സമയം വൈകാതെ സഹായം എത്തിക്കാനാണ് സാംപിള്‍ സര്‍വേ നടത്താന്‍ തീരുമാനിച്ചതെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍ നായര്‍ വ്യക്തമാക്കി.