കേരളം
‘പൊലീസ് അന്വേഷണം കഴിയുന്നതുവരെ നോക്കാം’; ആരോഗ്യമന്ത്രിയുടെ സ്റ്റാഫിന് എതിരായ കൈക്കൂലി ആരോപണത്തില്‍ മുഖ്യമന്ത്രി
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പഴ്‌സനല്‍ സ്റ്റാഫിന് എതിരായ കൈക്കൂലി ആരോപണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരും. അതുവരെ നമുക്ക് കാക്കാം- അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മലപ്പുറം സ്വദേശി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോട് ഇത്തരത്തില്‍ ഒരു പരാതി പറഞ്ഞു. നിയമനത്തിന് പഴ്‌സനല്‍ സ്റ്റാഫ് പണം വാങ്ങിയെന്നാണ് പറഞ്ഞത്. പത്തനംതിട്ടയിലുള്ള അഖില്‍ സജീവ് എന്നയാള്‍ പണം വാങ്ങിയെന്നാണ് ഈ വ്യക്തി അന്നു പറഞ്ഞത്. ഓഫീസില്‍ മന്ത്രി എത്തിയപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി ഈ വിഷയം പറഞ്ഞു. രേഖാമൂലം പരാതി എഴുതി നല്‍കാന്‍ പരാതിക്കാരനോട് മന്ത്രി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്ന് പരാതി പറഞ്ഞ ആളോട് രേഖാമൂലം പരാതി നല്‍കാന്‍ പ്രൈവറ്റ് സെക്രട്ടറി ആവശ്യപ്പെട്ടു.
പത്തനംതിട്ട സ്വദേശിയായ അഖില്‍ സജീവ് എന്നൊരാള്‍ പണം വാങ്ങിയെന്നും അയാള്‍ പറഞ്ഞതനുസരിച്ച് മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അഖില്‍ മാത്യു തിരുവനന്തപുരത്തെ ഓഫീസിന് പുറത്തുവച്ചു പണം നല്‍കി എന്നുമാണ് പരാതിയിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ അഖില്‍ മാത്യുവിനോട് വിശദീകരണം തേടി. പരാതിയില്‍ ഉന്നയിക്കപ്പെട്ട കാര്യത്തില്‍ അയാള്‍ക്ക് യാതൊരുവധ പങ്കുമില്ലെന്നും ആരോപണം ബോധപൂര്‍വ്വം ഉന്നയിച്ചതാണെന്നും മറുപടി നല്‍കി. ഈ സാഹചര്യത്തില്‍ സമഗ്രാന്വേഷണം നടത്തി ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസില്‍ പരാതി നല്‍കാന്‍ മന്ത്രി പ്രൈവറ്റ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രൈവറ്റ് സെക്രട്ടറി ഡിജിപിക്ക് പരാതി നല്‍കി. അഖില്‍ മാത്യുവും പരാതി നല്‍കിയിട്ടുണ്ട്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി കോഴിക്കോട് പ്രവര്‍ത്തിക്കുന്ന സമയത്താണ് പരാതി ലഭിച്ചത്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരും. അതുവരെ നമുക്ക് കാക്കാ അദ്ദേഹം പറഞ്ഞു.