Connect with us

കേരളം

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ വിദാംശങ്ങൾ നോക്കാം

Published

on

pinarayi vijayan

കോവിഡ് കേസുകളുടെ കാര്യത്തിൽ ആശ്വാസകരമായ സ്ഥിതിയാണ്. ഇന്ന് 17,681 പേര്‍ക്കണ് രോഗബാധ സ്ഥിരീകരിച്ചത്. 97,070 പരിശോധന നടന്നു. 208 മരണങ്ങളുണ്ടായി. ഇപ്പോള്‍ 1,90,750 പേരാണ് ചികിത്സയിലുള്ളത്

നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞതിനാലും കോഴിക്കോട്ട് കണ്ടെയിന്‍മെന്‍റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് കണ്ടൈയിന്‍മെന്‍റായി തുടരും. രോഗലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ തന്നെ കഴിയേണ്ടതാണ്.
കണ്ടെയിന്‍മെന്‍റ് സോണില്‍ നിര്‍ത്തിവച്ചിരുന്ന കോവിഡ് വാക്സിനേഷന്‍ പുനരാരംഭിച്ചിട്ടുണ്ട്.

കോവിഡില്‍ ആശ്വാസം നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ഉള്ളത്. സംസ്ഥാനത്തെ കോവിഡ് വാക്സിനേഷനില്‍ നിര്‍ണായക ഘട്ടം കൂടി പിന്നിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 80.17 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിന്‍ (2,30,09,295) നല്‍കാന്‍ കഴിഞ്ഞു. 32.17 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (92,31,936) നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ മൂന്ന് കോടിയിലധികം (3,22,41,231) ഡോസ് വാക്സിന്‍ നല്‍കാനായി. കോവിഡിനെതിരായ പ്രതിരോധം ശക്തമാക്കുമ്പോള്‍ പരമാവധി ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കി സംരക്ഷിക്കുകയാണ് പ്രധാനം. ആ ലക്ഷ്യത്തില്‍ 80 ശതമാനം കവിഞ്ഞു എന്നത് നിര്‍ണായകമാണ്.

18 വയസിന് മുകളിലുള്ള ബാക്കിയുള്ളവര്‍ക്ക് കൂടി ഈ മാസത്തില്‍ തന്നെ വാക്സിന്‍ നല്‍കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. സെപ്റ്റംബര്‍ 8 മുതല്‍ 14 വരെയുള്ള കാലയളവില്‍, ശരാശരി കോവിഡ് ആക്ടീവ് കേസുകള്‍ 1,53,067 ആണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 42,998 കേസുകളും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ ടിപിആറിന്‍റെയും പുതുതായി ഉണ്ടായ കേസുകളുടെയും വളര്‍ച്ചാ നിരക്ക് യഥാക്രമം 6 ശതമാനവും 21 ശതമാനവും കുറഞ്ഞിട്ടുണ്ട്.

ഇന്നലെ വരെ 1,98,865 കോവിഡ് കേസുകളില്‍, 13.7 ശതമാനം രോഗികളാണ് ആശുപത്രി, ഡി.സി.സി., സി.എഫ്.എല്‍.ടി.സി., സി.എസ്.എല്‍.ടി.സി. എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളത്. ആകെ രോഗികളില്‍ 2 ശതമാനം പേര്‍ക്ക് മാത്രമേ ഈ കാലയളവില്‍ ഓക്സിജന്‍ കിടക്കകള്‍ വേണ്ടിവന്നിട്ടുള്ളൂ. ഒരു ശതമാനം മാത്രമേ ഐ.സി.യു.വിലുള്ളൂ.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യൂ.ഐ.പി.ആര്‍) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിനേഷന്‍ ഈ മാസത്തോടെ നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു മൂന്നു മാസങ്ങള്‍ക്കകം രണ്ടാം ഡോസ് വാക്സിനേഷനും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണിപ്പോള്‍ കരുതുന്നത്.

രോഗം ബാധിച്ച ശേഷം ആശുപത്രികളില്‍ വൈകി ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന ഉണ്ടാകുന്നുണ്ട്. ചികിത്സയ്ക്ക് താമസിച്ച് എത്തുന്നവരുടെ എണ്ണം 30 ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു. ആഗസ്റ്റ് മാസത്തില്‍ അത് 22 ശതമാനമായിരുന്നു. ഇത്തരമൊരു പ്രവണത ആശാസ്യമല്ല. കോവിഡ് കാരണം മരണമടയുന്നവരില്‍ കൂടുതലും പ്രായാധിക്യമുള്ളവരും അനുബന്ധ രോഗങ്ങള്‍ ഉള്ളവരുമാണ്. തക്ക സമയത്ത് ചികിത്സ നേടിയാല്‍ വലിയൊരളവ് മരണങ്ങള്‍ കുറച്ചു നിര്‍ത്താന്‍ സാധിക്കും. എത്രയും പെട്ടെന്ന് ചികിത്സ നേടാന്‍ പ്രായാധിക്യമുള്ളവരും അനുബന്ധ രോഗമുള്ളവരും ശ്രദ്ധിക്കണം. അവരുടെ ബന്ധു മിത്രാദികളും ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. വാര്‍ഡ് തല കമ്മിറ്റികളും സക്രിയമായി ഇടപെടണം.

മരണമടഞ്ഞവരില്‍ വലിയൊരു ശതമാനം പേരും വാക്സിന്‍ എടുക്കാത്തവരായിരുന്നു. 60 വയസ്സിനു മുകളിലുള്ളവരില്‍ വാക്സിന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്നവര്‍ ഇനിയുമുണ്ട്. ആവര്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിക്കണം.
വാക്സിന്‍ എടുക്കുന്നവര്‍ക്കും രോഗപ്പകര്‍ച്ച ഉണ്ടാകുന്നുണ്ട്. അതില്‍ ആശങ്കപ്പെടേണ്ടതില്ല. രോഗപ്പകര്‍ച്ചയും രോഗവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടതുണ്ട്. വാക്സിന്‍ എടുത്തവരില്‍ രോഗബാധ ഉണ്ടായാലും രോഗാവസ്ഥകള്‍ കടുത്തതാകില്ല. മരണ സാധ്യതയും വളരെ കുറവാണ്. വാക്സിന്‍ എടുത്തവരെ വൈറസ് ബാധിച്ചാല്‍ അവരില്‍ നിന്നും മറ്റുള്ളവരിലേയ്ക്ക് രോഗം പകരാന്‍ സാധ്യതയുണ്ട്. അതിനാല്‍ വാക്സിന്‍ എടുത്തവരും കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കാന്‍ ശ്രദ്ധിക്കണം.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സെറൊ പ്രിവലന്‍സ് പഠനം നടക്കുകയാണ്. എത്ര പേര്‍ക്ക് രോഗം വന്നു മാറി എന്നു മനസ്സിലാക്കാനാണ് ഈ പഠനം. കുട്ടികളിലും സെറോ പ്രിവലന്‍സ് പഠനം നടത്തുന്നുണ്ട്. രോഗവ്യാപനത്തിന്‍റെ തോതും സ്വഭാവവും മനസ്സിലാക്കാനും അതനുസരിച്ച് വാക്സിന്‍ വിതരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ കൃത്യതയോടെ നടപ്പിലാക്കാനും ഈ പഠനം സഹായകമാകും. ഈ മാസം അവസാനത്തോടെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

ക്വാറന്‍റയ്ന്‍ ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനായി പോലീസിന്‍റെ 16,575 സംഘങ്ങളെയാണ് കഴിഞ്ഞ ഒരാഴ്ച മാത്രം നിയോഗിച്ചത്. 1,45,308 വീടുകളില്‍ കഴിഞ്ഞയാഴ്ച പോലീസ് സന്ദര്‍ശനം നടത്തി. ക്വാറന്‍റയ്നില്‍ കഴിയുന്ന 3,40,781 പേരെയാണ് പോലീസിന്‍റെ മോട്ടോര്‍ സൈക്കിള്‍ സംഘം സന്ദര്‍ശിച്ച് വിവരങ്ങള്‍ അരാഞ്ഞത്. കഴിഞ്ഞയാഴ്ച
ക്വാറന്‍റയ്നില്‍ കഴിഞ്ഞ 3,47,990 പേരെ ഫോണില്‍ ബന്ധപ്പെട്ട് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. ക്വാറന്‍റയ്ന്‍ ലംഘിച്ച 1239 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

നൂറു ദിന പരിപാടി

സര്‍ക്കാരിന്‍റെ നൂറു ദിന പരിപാടി കോവിഡ് പ്രതിസന്ധിക്കിടയിലും മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെട്ട 1000 ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്.

140 നിയോജക മണ്ഡലങ്ങളിലായി 12,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡുകള്‍ നവീകരിക്കുന്നതിനായി 1000 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതുവരെ ഭരണാനുമതി ലഭിച്ച 5093 പ്രവൃത്തികളില്‍ 4962 പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതിയും നല്‍കി. 4819 പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കാനും സാധിച്ചു. 4372 പ്രവൃത്തികള്‍ക്കാണ് കരാര്‍ ഉടമ്പടി വെച്ചിട്ടുള്ളത്.

നൂറു ദിന പദ്ധതികളുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 92 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെയും 48 സ്കൂള്‍ ലാബുകളുടെയും 3 ലൈബ്രറികളുടെയും ഉദ്ഘാടനം കഴിഞ്ഞദിവസം നിര്‍വ്വഹിച്ചു. അതോടൊപ്പം 107 പുതിയ കെട്ടിടങ്ങളുടെ പ്രവൃത്തി ഉദ്ഘാടനവും നടന്നു. പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയവയില്‍ കിഫ്ബിയുടെ 5 കോടി രൂപ ഉപയോഗിച്ച് പണികഴിപ്പിച്ച 11 സ്കൂള്‍ കെട്ടിടങ്ങളും 3 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച 23 സ്കൂള്‍ കെട്ടിടങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു. ബാക്കിയുള്ള 58 കെട്ടിടങ്ങള്‍ പ്ലാന്‍ ഫണ്ട്, എം.എല്‍.എ.ഫണ്ട്, സമഗ്രശിക്ഷാ ഫണ്ട്, മറ്റു ഫണ്ടുകള്‍ എന്നിവ വിനിയോഗിച്ചു പണിതവയാണ്. അങ്ങനെ 214 കോടിയോളം രൂപയാണ് മൊത്തം ചെലവഴിച്ചിരിക്കുന്നത്.

വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ മികച്ച സൗകര്യങ്ങള്‍ കുട്ടികള്‍ക്കായി ഒരുങ്ങുകയാണ്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നമ്മുടെ സമൂഹത്തിന്‍റെ പിന്തുണ എല്ലാവരും ഉറപ്പിക്കണം എന്നും അഭ്യര്‍ത്ഥിക്കുന്നു.

100ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 13,534 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു. ആദ്യം 12000 പേര്‍ക്കാണ് പട്ടയം നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍, സാങ്കേതികത്വങ്ങള്‍ പരമാവധി ലഘൂകരിച്ചതുവഴി തീരുമാനിച്ചതിലും അധികം പേര്‍ക്ക് പട്ടയം നല്‍കാന്‍ സാധിച്ചു.

പാര്‍പ്പിടത്തോടൊപ്പം തന്നെ ഭൂരഹിതരായ മുഴുവന്‍ ആളുകള്‍ക്കും ഭൂമി ലഭ്യമാക്കുക എന്നതാണ് എല്‍ഡിഎഫിന്‍റെ നയം. സാങ്കേതികതകളിലും നിയമക്കുരുക്കുകളിലും പെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ടിരുന്ന ഒരു വലിയ വിഭാഗം ജനതയ്ക്ക് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പട്ടയം നല്‍കിയിരുന്നു. 1.75 ലക്ഷത്തോളം പട്ടയങ്ങളാണ് 2016 നും 2021 നുമിടയില്‍ വിതരണം ചെയ്തത്. അത് റെക്കോര്‍ഡായിരുന്നു.

ഈ സര്‍ക്കാരിന്‍റെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുക എന്നതാണ്.

നൂറുദിന പരിപാടിയുടെ റിവ്യൂ നടന്നിരുന്നു. 75,000 പേർക്ക് തൊഴിൽ നൽകാൻ തീരുമാനിച്ചതിൽ 68,195 പേർക്ക് നൽകി കഴിഞ്ഞു.

പുനര്‍ഗേഹം

വേലിയേറ്റ മേഖലയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ആവിഷ്ക്കരിച്ചതാണ് ഫിഷറീസ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതി. 2,450 കോടി രൂപ ചിലവില്‍ ആവിഷ്ക്കരിച്ച ഈ പദ്ധതി രാജ്യത്ത് തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന ആദ്യ പുനരധിവാസ പദ്ധതിയുമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള 1398 കോടിയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 1052 കോടി രൂപയും ആണ് വകയിരുത്തിയിട്ടുള്ളത്.

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് 260 വ്യക്തിഗത വീടുകളാണ് നല്‍കിയത്. 308 വ്യക്തിഗത വീടുകളും 276 ഫ്ളാറ്റുകളും നാളെ ഗുണഭോക്താക്കള്‍ക്ക് കൈമാറും.

കാലാവസ്ഥാ വ്യതിയാനവും കടല്‍ക്ഷോഭവും തീരദേശമേഖലയില്‍ അധിവസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവനും ജീവനോപാധികള്‍ക്കും എന്നും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യമാണ് പുനര്‍ഗേഹം പദ്ധതി ആവിഷ്ക്കരിക്കുന്നതിന് പ്രേരണയായത്. വേലിയേറ്റമേഖലയില്‍ 50 മീറ്ററിനുള്ളില്‍ പതിനെട്ടായിരത്തി അറുന്നൂറ്റി എണ്‍പത്തിയഞ്ച് കുടുംബങ്ങളാണ് അധിവസിക്കുന്നത്. ഇതിൽ ഏഴായിരത്തി എഴുന്നൂറ്റി പതിനാറ് പേര്‍ മാറി താമസിക്കുന്നതിന് സര്‍ക്കാരിനോട് സന്നദ്ധത അറിയിച്ചിട്ടുണ്ട്.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ഉൾപ്രദേശങ്ങളിലെ ആദിവാസി മേഖലകളിൽ ഓൺലൈൻ വിദ്യാഭ്യാസത്തിനാവശ്യമായ ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്നതിന് നയപരവും ഭരണപരവുമായ നടപടികൾ തത്വത്തിൽ അംഗീകരിച്ചു. ടെലികോം ടവർ സ്ഥാപിക്കുന്നതിന് സർക്കാർ ഭൂമി പാട്ടത്തിന് നൽകും. ടവർ സ്ഥാപിക്കാൻ അനുയോജ്യമായ ഇടം വാടകയ്ക്ക് നൽകുകയും ചെയ്യും.

ആദിവാസി കോളനികൾക്ക് ഇന്റർനെറ്റ് കണക്ടിവിറ്റി നൽകുവാൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് /തദ്ദേശസ്വയംഭരണം/പൊതുമരാമത്ത് വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള പോളുകളിലൂടെ കേബിൾ വലിക്കുന്നതിന് മൂലധനമായോ വാടകയായോ തുക ഈടാക്കില്ല.

കേബിളുകൾ മുഖേനയോ വയർലെസ്സ് സംവിധാനം മുഖേനയോ കണക്ടിവിറ്റി നൽകുവാൻ കഴിയാത്ത ഇടങ്ങളിൽ ബദൽ സംവിധാനമായി വി.എസ്.എ.ടി. സാങ്കേതികവിദ്യ ഉപയോഗിക്കും.

കെ.എസ്.ഇ.ബി.യുടെ സേവനം ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ അനർട്ടിന്റെ സഹായത്തോടെ ബാറ്ററി പിൻബലമുള്ള സോളാർ പാനലുകൾ സ്ഥാപിക്കും.

നിയമസഭാ സമ്മേളനം

• 15-ാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഒക്ടോബർ 4 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

• കൃഷിക്കാരുടെ വരുമാനം കാർഷികോത്പാദനക്ഷമത, ഉല്പന്ന സംഭരണം, ഉല്പന്നങ്ങളുടെ വില, മൂല്യവർദ്ധിത പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം, മറ്റ് അനുബന്ധ വരുമാനങ്ങൾ എന്നിവയിൽ വർദ്ധനവ് വരുത്താൻ ആവശ്യമായ ശുപാർശകൾ സമർപ്പിക്കാൻ മുഖ്യമന്ത്രി അധ്യക്ഷനായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും. കൃഷി,തദ്ദേശസ്വയംഭരണ, സഹകരണ, വ്യവസായ് മന്ത്രി, ധനകാര്യ വകുപ്പ് മന്ത്രിമാർ അംഗങ്ങളാകും.

• ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ഓരോ വർഷവും അഞ്ച് വീതം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള മാർഗ്ഗരേഖ തയ്യാറാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി അധ്യക്ഷനായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും. സഹകരണ, വ്യവസായ, ധനകാര്യവകുപ്പ് മന്ത്രിമാർ അംഗങ്ങളായിരിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version