കേരളം
എല്ലാ വികസനത്തെയും എതിര്‍ക്കുന്ന ചിലരുണ്ട്; കെ റെയില്‍ ജനങ്ങളെ വഴിയാധാരമാക്കിയുള്ള വികസനമല്ലെന്ന് പിണറായി
കെ റെയിലിൽ എതിർപ്പുകൾ തണുപ്പിക്കാനുള്ള വിശദീകരണ യോഗത്തിന് തുടക്കമിട്ട് എല്‍ഡിഎഫ്. വരും തലമുറയെ കണ്ടുകൊണ്ടുള്ള വികസനമാണ് വേണ്ടതെന്ന് തലസ്ഥാനത്തെ വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിർഭാഗ്യവശാൽ ചിലർ പ്രതിഷേധത്തിലേക്ക് വരുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇഎംഎസ് സർക്കാർ മുതൽ ഇങ്ങോട്ടുള്ള ഇടത് സർക്കാരുകളാണ് വികസനത്തിന് വേണ്ടി പലതും ചെയ്തതെന്നും പിണറായി വിജയൻ പറഞ്ഞു. ഇഎംഎസ് സർക്കാരാണ് എല്ലാ വികസനത്തിനും അടിത്തറയിട്ട കേരളാ മോഡലിന് തുടക്കമിട്ടത്. അന്ന് കാർഷിക പരിഷ്കരണ നിയമത്തെയും എതിർത്തിരുന്നു. അത് പെരുപ്പിച്ച് രാജ്യം കണ്ട ഏറ്റവും ജനാധിപത്യ വിരുദ്ധ നീക്കത്തിലേക്ക് എത്തിച്ചു. കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സാർവത്രിക വിദ്യാഭ്യാസം നടപ്പാക്കി. എല്ലാവർക്കും സ്കൂളിൽ പോകാനുള്ള സാഹചര്യം ഉണ്ടാക്കിയെന്നും പിണറായി പറഞ്ഞു.
പ്രകടനപത്രികയിൽ എൽഡിഎഫ് പറഞ്ഞത് നാടിൻ്റെ സമഗ്ര വികസനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മഹാഭൂരിപക്ഷം പലപ്പോഴും വികസനത്തിന് പുറത്തായിരുന്നു. എന്നാൽ എല്ലാ പ്രദേശത്തെയും സ്പർശിക്കുന്ന വികസനമാണ് എൽഡിഎഫ് മുന്നോട്ട് വെക്കുന്നത്. എല്ലാ മേഖലയും വികസിച്ച് വരണം. പശ്ചാത്തല സൗകര്യ വികസനം പ്രധാന ഘടകമാണ്. നമുക്ക് വിഭവ ശേഷി കുറവാണ്. ബജറ്റിന് മുഴുവൻ ചെലവും വഹിക്കാൻ പറ്റാത്ത സ്ഥിതിയുണ്ട്. അതിനാണ് കിഫ്ബി കൊണ്ടുവന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
കിഫ്ബി വഴി അമ്പതിനായിരം കോടിയുടെ വികസനം എന്നാണ് പറഞ്ഞത്. എന്നാല്‍, നടപ്പാക്കിയത് അറുപതിനായിരം കോടിയുടെ വികസനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിൽ ദേശീയപാത മോശമായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ വീതി കൂടിയതാണ്. കേരളത്തിൽ നീങ്ങാൻ പറ്റാത്ത നിലയായിരുന്നു. ദേശീയപാത വികസനം കേരളത്തിൽ നടപ്പായില്ല. 45 മീറ്ററിൽ റോഡ് വേണം എന്ന് സർവകക്ഷി യോഗം തീരുമാനിച്ചു.
പക്ഷേ യുഡിഎഫ് സർക്കാർ ഭൂമി ഏറ്റെടുത്തില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ദേശീയപാത അതോറിറ്റി ഭൂമി ഏറ്റെടുക്കാൻ തടസം നിന്നു. ചെലവ് കൂടുതലാണെന്ന് കേന്ദ്രം പറഞ്ഞതോടെ തർക്കമായി. ഗഡ്കരിയുമായി ദീർഘ ചർച്ച നടത്തി ഒത്തുതീർപ്പാക്കി. ഭൂമി ഏറ്റെടുക്കാൻ കാൽ ഭാഗം കേരളം നൽകേണ്ടിവന്നു. അയ്യായിരത്തിൽ അധികം കോടി രൂപ കൊടുക്കേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു