കേരളം
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് എൽഡിഎഫിന് 100 സീറ്റിലേക്കുള്ള അവസരമെന്ന് മുഖ്യമന്ത്രി; വേദിയിൽ കെ.വി.തോമസും
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് വലിയ മാനങ്ങളുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എൽഡിഎഫിന് അസുലഭ അവസരമാണ് ഇതെന്നും യുഡിഎഫിന് അതിന്റെ വേവലാതി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര മണ്ഡലം എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ പാലാരിവട്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് എൽഡിഎഫിന് 100 സീറ്റിലേക്ക് എത്താനുള്ള അവസരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടാകെ ആഗ്രഹിക്കുന്നതാണിത്. തൃക്കാക്കരയ്ക്ക് അബദ്ധം തിരുത്താനുള്ള അവസരം കൂടിയാണ് ഉപതിരഞ്ഞെടുപ്പ്. കെ.വി.തോമസ് നാടിന്റെ വികസന പക്ഷത്ത് നിൽക്കുന്നുവെന്നും ഇതാണ് അദ്ദേഹം എൽഡിഎഫ് പക്ഷത്തേക്ക് വരാൻ ഇടയാക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുതിർന്ന കോൺഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ കെ.വി.തോമസും കൺവൻഷനെത്തിയിരുന്നു. എല്‍ഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ കെ.വി.തോമസിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. മുഖ്യമന്ത്രി അദ്ദേഹത്തെ സ്വാഗതം ചെയ്തു. തൃക്കാക്കരയിൽ ഇടതു സ്ഥാനാർഥി ഡോ. ജോ ജോസഫിനായി പ്രചാരണരംഗത്തിറങ്ങുമെന്നു കെ.വി.തോമസ് നേരത്തേ വ്യക്തമാക്കിയിരുന്നു.