കേരളം
അനുമതിയായാൽ മാത്രം സിൽവർ ലൈനുമായി മുന്നോട്ട്; മുഖ്യമന്ത്രി
കേന്ദ്ര അനുമതി ഉണ്ടെങ്കിൽ മാത്രമെ സംസ്ഥാന സർക്കാരിന് സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയുകയുളളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ നേരത്തെ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ഇപ്പോൾ അക്കാര്യത്തിൽ ശങ്കിച്ചുനിൽക്കുകയാണ്. അവരുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് വന്നാലേ പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയുകയുളളുവെന്ന് പിണറായി പറഞ്ഞു. തിരുവനനന്തപുരത്ത് നവകേരള വികസന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പദ്ധതിക്കെതിരെ വലിയ എതിർപ്പുകൾ ഉണ്ടാക്കി ബിജെപിയും അതിന്റെ പിന്നാലെ കൂടുമ്പോൾ കേന്ദ്രസർക്കാർ അനുമതി നൽകുന്ന കാര്യത്തിൽ ഒന്നുശങ്കിച്ചുനിൽക്കുകയാണെന്ന് പിണറായി പറഞ്ഞു. എൽഡിഎഫ് 2016ൽ വന്നപ്പോൾ ഇനി അധികാരത്തിൽ വരില്ലെന്നാണ് കോൺഗ്രസും ബിജെപിയും കരുതിയത്. 2021ൽ വീണ്ടും വന്നപ്പോൾ ഇനി വരാതിരിക്കാൻ എന്താല്ലാം ചെയ്യാമോ അതെല്ലാം ചെയ്യുകയാണ്.
അതിന് ഏറ്റവും പ്രധാനമായി കാണുന്നത് വികസനപ്രവർത്തനത്തിന് തടസം നിൽക്കുക എന്നതാണ്. അതാണ് ഈ എതിർപ്പിന്റെ അടിസ്ഥാനകാരണമെന്ന് നാം മനസിലാക്കണം. കൃത്യമായ രാഷ്ട്രീയമായ സമരമാണ് നടക്കുന്നത്. അപ്പോൾ നമ്മൾ നിശബ്ദരായിരിക്കുരത്. രാഷ്ട്രീയസമരത്തെ രാഷ്ട്രീയമായി തന്നെ നേരിടണം. എന്താണ് അവരുടെ ഉദ്ദേശ്യമെന്നത് സമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിയണമെന്ന് പിണറായി പറഞ്ഞു
നമ്മുടെ നാടിന്റെ വികസനം കണക്കിലെടുത്ത് സ്വകാര്യമൂലധനശക്തികൾ വരട്ടെയെന്നാണ് സർക്കാരിന്റെ നിലപാട്. നാടിന്റെ താത്പര്യം അപകടപ്പെടുത്തുന്ന ഒരു നടപടിയ്ക്കും സർക്കാർ തയ്യാറാവില്ല. വികസനപ്രവർത്തനങ്ങൾ ജനങ്ങൾ ഉൾക്കൊണ്ടാൽ മാത്രമെ ജനപിന്തുണ നേടാൻ നമുക്ക് ആവുകയുള്ളു. ഇതിന് അതീവപ്രധാന്യം നൽകണം. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനെ നല്ലരീതിയിൽ പ്രതിരോധിക്കാൻ കഴിയണം. ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് നാം നിലകൊണ്ടിട്ടുള്ളത്. ജനജീവിതം ഓരോഘട്ടത്തിലും നവീകരിക്കുന്നതിന് ഊന്നൽ നൽകണം. അതിനാവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കാൻ നമുക്ക് കഴിയണം. 2021ൽ എൽഡിഎഫിന്റെ പ്രകടനപത്രികയ്ക്ക് ജനം അംഗീകാരം നൽകി നമുക്ക് തുടർഭരണം നൽകി. പ്രകടനപത്രികയിൽ പറഞ്ഞ കാര്യം നടപ്പാക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.