കേരളം
വീട്ടുമുറ്റത്തു കളിച്ചുകൊണ്ടുനിന്ന രണ്ടര വയസുകാരി പാമ്പുകടിയേറ്റു മരിച്ചു
വൈകിട്ട് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റു മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ റാണി ഭവനത്തിൽ രതീഷിന്റെയും ആർച്ചയുടെയും മകൾ നീലാംബരിയാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് വീടിന്റെ ചവിട്ടുപടിക്കു മുന്നിൽ കളിച്ചു നിൽക്കുകയായിരുന്നു കുട്ടി. മുത്തച്ഛൻ ശ്രീജയനും സമീപത്ത് ഉണ്ടായിരുന്നു. ഇതിനിടെയാണ് പാമ്പ് കടിയേറ്റത്. മതിലിനോടു ചേർന്ന ദ്വാരത്തിലേക്കു പാമ്പ് കയറുന്നത് വീട്ടുകാർ കണ്ടു. കുട്ടിയുടെ കാലിൽ കടിയേറ്റ പാട് കണ്ടതോടെ ഉടന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു.
പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇതിനിടെ മരണം സംഭവിച്ചു. റസ്റ്ററന്റ് ജീവനക്കാരനാണ് പിതാവ് രതീഷ്. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടന്നു.
പാമ്പ് കടിയേറ്റുള്ള മരണം ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം പാലിക്കുക. പാമ്പുകടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് പരിഭ്രമിക്കാതിരിക്കുക എന്നതാണ്. കടിയേറ്റവര്‍ ഭയന്ന് ഓടരുത്.വിഷം പെട്ടെന്ന് ശരീരത്തിലാകെ വ്യാപിക്കാന്‍ ഇതു കാരണമാകും. കടിയേറ്റ ഭാഗത്തെ വിഷം കലര്‍ന്ന രക്തം ഞെക്കിക്കളയുകയോ, കീറി എടുക്കാനോ ശ്രമിക്കരുത്. രോഗിയെ കിടത്തരുത്. കടിയേറ്റ ഭാഗം ഹൃദയത്തിന്റെ താഴെ വരുന്ന രീതിയില്‍ വയ്ക്കുക. എത്രയും വേഗം ആന്റി സ്നേക് വെനം ഉള്ള ആശുപത്രിയിലെത്തിക്കുക.