കേരളം
സര്‍ക്കാരിന്‍റെ അനുനയനീക്കം; ഗവര്‍ണറെ കാണാന്‍ ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി
മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ തെളിവുകള്‍ പുറത്ത് വിടുമെന്ന് അറിയിച്ച് ഗവര്‍ണര്‍ വിളിച്ച വാര്‍ത്താ സമ്മേളനം ഇന്ന് നടക്കാനാരിക്കെ ചീഫ് സെക്രട്ടറി വി പി ജോയ് ഗവര്‍ണറെ കാണുന്നു. രാജ്ഭവനിലെത്തിയാണ് ചീഫ് സെക്രട്ടറി ഗവര്‍ണറെ കാന്നത്. ലഹരിവിരുദ്ധ പ്രചാരണ പരിപാടിക്ക് ക്ഷണിക്കാനാണ് സന്ദര്‍ശനമെന്നാണ് വിശദീകരണം. രാവിലെ 11.45 നാണ് ഗവർണര്‍ വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ചരിത്ര കോൺഗ്രസിലെ സംഘർഷത്തിലെ ഗൂഡോലചനയെ കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങളും മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിടാനാണ് രാജ്ഭവനിലെ അസാധാരണ വാർത്താസമ്മേളനം.
മുഖ്യമന്ത്രി തന്നോട് പല ആനൂകൂല്യങ്ങളും ചോദിച്ചിട്ടുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രാജ്ഭവനിൽ ഗവർണർ വാർത്താ സമ്മേളനം വിളിക്കുന്നത് അത്യസാധാരണ നടപടിയാണ്. വീഡിയോ ദൃശ്യങ്ങളും രേഖകളും പുറത്തുവിടാനാണ് വാർത്ത സമ്മേളനം എന്നാണ് രാജ്ഭവന്‍റെ തന്നെ ഔദ്യോഗിക അറിയിപ്പ്. ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന അക്രമത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് അടക്കം വെളിപ്പെടുത്തുമെന്നാണ് ഗവർണറുടെ മുന്നറിയിപ്പ്.
രണ്ടും കല്‍പ്പിച്ച് നീങ്ങാൻ തന്നെയാണ് ഗവര്‍ണര്‍ വാർത്താ സമ്മേളനം വിളിച്ചതെന്ന് ഉറപ്പിക്കുമ്പോഴും സർക്കാരും സിപിഎം നേതൃത്വവും ഇതിനെ കാര്യമാക്കുന്നില്ല. മുഖ്യമന്ത്രിക്കെതിരെ ഒരു തെളിവും ഗവർണറുടെ പക്കലില്ലെന്നാണ് നേതാക്കളുടെ വിശദീകരണം. കെ കെ രാഗേഷിന്‍റെ ഭാര്യയെ കണ്ണൂര്‍ സര്‍വ്വകലാശാലയിൽ നിയമിക്കാനുള്ള നീക്കത്തിലും തനിക്കെതിരെ ചരിത്ര കോണ്‍ഗ്രസ് വേദിയിൽ ഉണ്ടായ ആക്രമണ നീക്കത്തിന് പിന്നിലും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ഗവര്‍ണര്‍ നേരത്തെ തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിലെത്തിയ മുഖ്യമന്ത്രി അതിരൂക്ഷമായ ഭാഷയിലാണ് ഗവര്‍ണര്‍ക്ക് മറുപടി നൽകിയത്. പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഗവര്‍ണറെ കടന്നാക്രമിച്ച് രംഗത്തെത്തിയിരുന്നു.