കേരളം
കോവിഡ് പരിശോധന വര്‍ധിപ്പിക്കും; സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്ന് ചീഫ് സെക്രട്ടറി
കോവിഡിന്‍റെ രണ്ടാം തരംഗം സംസ്ഥാനത്ത് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി ജോയ്. ശനി, ഞായര്‍ ദിവസങ്ങളിലായി രണ്ടര ലക്ഷത്തോളം പേര്‍ക്ക് ടെസ്റ്റിങ് നടത്തും. ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്നവരേയായിരിക്കും പരിശോധനക്ക് വിധേയമാക്കുക. വാക്‌സിനേഷന്‍ ക്യാമ്പയിൻ സംഘടിപ്പിക്കും.50 ലക്ഷത്തോളം പേര്‍ക്ക് ഇതുവരെ വാക്സിന് നല്‍കിയിട്ടുണ്ട്. ഏഴ് ലക്ഷത്തോളം പേര്‍ക്ക് നല്‍കാനുള്ള വാക്സിന് ബാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അടിച്ചിട്ട സ്ഥലങ്ങളില്‍ നടക്കുന്ന പൊതു പരിപാടികളില്‍ പരമാവധി 75 പേരെയും തുറന്ന സ്ഥലങ്ങളില്‍ 150 പേരെയും പങ്കെടുപ്പിക്കാമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. പൂരം കർശന നിയന്ത്രണത്തോടെ നടത്തും. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും, വാക്‌സിനേഷൻ ചെയ്തവർക്കും മാത്രം പ്രവേശനം.കല്യാണം ഉൾപ്പടെ പൊതു പരിപാടികൾ ജില്ലാ ഭരണ കൂടാതെ അറിയിക്കണം.9 മണിക്ക് ശേഷം തീയറ്റർ, ബാർ എന്നിവ അടക്കണം.ലോക്‌ഡോൺ പോകേണ്ട സാഹചര്യം ഇപ്പോൾ ഇല്ല എന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
അതേസമയം മൂന്ന് തലങ്ങളിലൂടെ കൊവിഡ് വ്യാപനം തടയാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വ്യാപകമായ പരിശോധന, കര്‍ശനമായ നിയന്തണം, ഊര്‍ജിതമായ വാക്‌സിനേഷന്‍ എന്നീ മൂന്ന് തലങ്ങളിലൂടെയാണ് കൊവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ ഉദേശിക്കുന്നത്. ഏപ്രില്‍ 16, 17 തിയ്യതികളില്‍ രണ്ടര ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചു.
ജില്ലകള്‍ തങ്ങള്‍ക്ക് നിശ്ചയിച്ച ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്കെടുത്ത എല്ലാവരെയും ടെസ്റ്റ് ചെയ്യും. കൊവിഡ് മുന്നണി പ്രവര്‍ത്തകര്‍, കൊവിഡ് വ്യാപനം വളരെ വേഗം നടക്കുന്ന സ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍, ധാരാളം ആളുകളുമായി സമ്ബര്‍ക്കം പുലര്‍ത്തുന്ന പൊതുഗതാഗത മേഖല, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, ഷോപ്പുകള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, സേവനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ മുതലായ ഹൈ റിസ്‌ക് ആളുകളെ കണ്ടെത്തി ടെസ്റ്റ് ചെയ്യും.
വലിയ തിരക്കുള്ള മാളുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. അവിടങ്ങളില്‍ ആളുകള്‍ കൂടുന്നത് നിയന്ത്രിക്കണം.ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം എഴുപത്തിയഞ്ചായും ഔട്ട്‌ഡോര്‍ പരിപാടികളില്‍ നൂറ്റമ്പതായും പരിമിതപ്പെടുത്തി.ബോധവത്ക്കരണത്തിന് ഉതകുന്ന സന്ദേശങ്ങള്‍ നല്‍കാന്‍ മാധ്യമങ്ങള്‍ സ്വമേധയാ തയാറാവണം. ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആള്‍ക്കാര്‍ കൂടാതെ ശ്രദ്ധിക്കണം. ജില്ലാ ഭരണാധികാരികള്‍ അതത് പ്രദേശത്തെ മതനേതാക്കളുമായും വ്യാപാരി വ്യവസായികളെയും വിളിച്ച് സംസാരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.