കേരളം
മുഖ്യമന്ത്രിയുടെ വരുന്ന അഞ്ചുദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കി
മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ചൊവ്വാഴ്ചവരെയുള്ള എല്ലാ പരിപാടികളും മാറ്റിവച്ചു. പനിയും ശാരീരിക അസ്വസ്ഥതകളെയും തുടര്‍ന്നാണ് അഞ്ചുദിവസത്തെ പരിപാടികള്‍ മാറ്റിവച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ മുഖ്യമന്ത്രിക്ക് സുഖമില്ലാത്ത സാഹചര്യത്തില്‍, നേരിട്ട് ചേരാനിരുന്ന മന്ത്രിസഭാ യോഗം ഇന്നലെ ഓണ്‍ലൈനായാണ് ചേര്‍ന്നത്. സുഖമില്ലാത്ത സാഹചര്യത്തിലാണ് മന്ത്രിസഭ ഓണ്‍ലൈനായി നടത്തേണ്ടി വന്നതെന്ന് അദ്ദേഹം യോഗത്തില്‍ വിശദീകരിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് പന്ത്രണ്ട് ദിവസത്തെ വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയും സംഘവും യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയത്. ഈ മാസം 8ന് പുറപ്പെട്ട യാത്രയില്‍ അമേരിക്ക, ക്യൂബ, യുഎഇ രാജ്യങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. അമേരിക്കയില്‍ ലോക കേരള സഭ സമ്മേളനം, ലോക ബാങ്ക് സന്ദര്‍ശനം, ക്യൂബയില്‍ പ്രസിഡന്റടക്കമുള്ളവരുമായി കൂടിക്കാഴ്ച, യുഎഇയില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന് ഇന്‍ഫിനിറ്റി സെന്റര്‍ ഉദ്ഘാടനം എന്നിവയായിരുന്നു പ്രധാന പരിപാടികള്‍.