കേരളം
കോഴിയിറച്ചിയുടെ വില നിയന്ത്രിക്കും; പുതിയ പദ്ധതിയുമായി സർക്കാർ
കോഴിയിറച്ചി വില നിയന്ത്രിക്കാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാർ. കുടുംബശ്രീയുടെയടക്കം സഹകരണത്തോടെ
ആയിരം കോഴി ഫാമുകൾ ഉടൻ തുടങ്ങുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. 66 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാർ നടപ്പാക്കുന്നത്.
കോയമ്പത്തൂർ, നാമക്കൽ, ദിണ്ടിഗൽ എന്നിവിടങ്ങളിലുള്ള കുത്തകകളാണ് കേരളത്തിലെ ഇറച്ചി വില തീരുമാനിക്കുന്നത്. ഇതവസാനിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാർ പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ആയിരം ഇറച്ചിക്കോഴി ഫാമുകൾ തുടങ്ങും. ഇറച്ചി സംസ്കരണ പ്ലാൻറുകൾ, അവശിഷ്ടങ്ങൾ മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കുന്ന യൂണിറ്റുകൾ എന്നിവ ഫാമിന്റെ തുടർച്ചയായി ആരംഭിക്കും. കുടുംബശ്രീ യൂണിറ്റുകളിലൂടെ കേരള ബ്രാൻഡ് ചിക്കൻ പുറത്തിറക്കാൻ ആണ് ശ്രമം. കെപ്കോ , മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ, വയനാട്ടിലെ ബ്രഹ്മഗിരി എന്നിവരുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക.
66 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാരിൻറെ ധന വിഹിതത്തിനു പുറമേ നബാർഡിൽ നിന്നും തുക ലഭ്യമാക്കി. പ്രഖ്യാപനത്തിലൊതുങ്ങാതെ പദ്ധതി കൃത്യമായി നടപ്പായാൽ സംസ്ഥാനത്തെ ഇറച്ചിക്കോഴി വിലയിൽ വലിയ മാറ്റങ്ങളാകും ഉണ്ടാവുക.