ദേശീയം
രാജ്യത്തെ ഡ്രോണ്‍ ഭീഷണി; ഡ്രോണ്‍ ഉപയോഗത്തിനായുള്ള ചട്ടങ്ങളുടെ കരട് പുറത്തിറക്കി കേന്ദ്രം
രാജ്യത്ത് നിരന്തരമായി ഡ്രോണ്‍ ഭീഷണി നിലനില്‍ക്കുമ്പോള്‍ ഡ്രോണ്‍ ഉപയോഗത്തിനായുള്ള ചട്ടങ്ങളുടെ കരട് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ജമ്മു കശ്മീരിലടക്കം തുടര്‍ച്ചയായി ഡ്രോണ്‍ ഭീഷണി ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര ഡ്രോണ്‍ ഉപയോഗത്തിന് പുതിയ ചട്ടങ്ങളുമായി കേന്ദ്ര വ്യോമയാനമന്ത്രാലയം രംഗത്തെത്തുന്നത്.
സ്വകാര്യ വാണിജ്യ ഉപയോഗം സംബന്ധിച്ച് പരാമര്‍ശിക്കുന്ന കരടില്‍ ഡ്രോണുകളുടെ ലൈസന്‍സ്, ഉപയോഗത്തിന് അനുമതിയുള്ള പ്രദേശങ്ങള്‍, വിദേശ കമ്പനികള്‍ പാലിക്കേണ്ട നിയമങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയിട്ടുണ്ട് . നേരത്തെയുള്ള ചട്ടങ്ങളില്‍ നിന്ന് വാണിജ്യ ആവശ്യങ്ങള്‍ കണക്കിലെടുത്ത ഇളവുകള്‍ നല്‍കുമ്പോഴും സുരക്ഷ ഉറപ്പാക്കിയാണ് പുതിയ കരട്.
ഇതില്‍ പൊതുജനങ്ങള്‍ക്ക് അടുത്ത മാസം 5 വരെ അഭിപ്രായം അറിയിക്കാം. അതേസമയം, കഴിഞ്ഞ ദിവസം ജമ്മുവില്‍ എത്തിയ സംയുക്ത സൈനിക മേധാവി നിയന്ത്രണരേഖയിലെയും അന്താരാഷ്ട്ര അതിര്‍ത്തിയിലെയും സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും. ഡ്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉന്നതഉദ്യോഗസ്ഥരുമായി ബിപിന്‍ റാവത്ത് ചര്‍ച്ച നടത്തും .
അതിനിടെ, ജമ്മു എയര്‍ ഫോഴ്സ് സ്റ്റേഷനു സമീപം വീണ്ടും ഡ്രോണ്‍ ഭീഷണി ഉണ്ടായി, രാത്രിയില്‍ നടന്ന സുരക്ഷാ പരിശോധനക്കിടെയാണ് ജമ്മു വ്യോമത്താവളത്തിന് സമീപം ഡ്രോണ്‍ കണ്ടത്. ഇതോടെ സൈന്യം വെടിയുതിര്‍ത്തു. തുടര്‍ന്ന് ഇത് പാകിസ്ഥാന്‍ അതിര്‍ത്തി ഭാഗത്തേക്ക് പറന്നുപോയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.