ദേശീയം
ദീപാവലിയോടനുബന്ധിച്ച് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത വർധിപ്പിച്ചേക്കും
ദീപാവലിയോടനുബന്ധിച്ച് കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തിയേക്കും. ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിക്കുന്നതിനുള്ള നിർദേശത്തിന് കേന്ദ്രമന്ത്രിസഭായോഗം ഇന്ന് അംഗീകാരം നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ക്യാബിനറ്റ് അംഗീകാരം നൽകിയാൽ വിരമിച്ച ജീവനക്കാർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.
കോവിഡ് വ്യാപനത്തെ തുടർന്ന് വർധിപ്പിച്ച ക്ഷാമബത്ത നൽകുന്നത് കേന്ദ്രസർക്കാർ മാസങ്ങളോളം മരവിപ്പിച്ചിരുന്നു. തുടർന്ന് ജൂലൈയിലാണ് ക്ഷാമബത്ത നൽകാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടത്. കോവിഡ് വ്യാപനത്തിന്റെ തുടക്കകാലമായ 2020ലാണ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ വർധിപ്പിച്ച ക്ഷാമബത്ത നൽകുന്നത് മരവിപ്പിച്ചത്. തുടർന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടപ്പോൾ ക്ഷാമബത്ത നൽകാൻ തീരുമാനിക്കുകയായിരുന്നു.
ജൂലൈ മുതൽ വർധിപ്പിച്ച ക്ഷാമബത്ത നൽകി തുടങ്ങിയത് ലക്ഷകണക്കിന് ജീവനക്കാർക്കും പെൻഷൻകാർക്കുമാണ് പ്രയോജനം ചെയ്തത്. 28 ശതമാനമാക്കി വർധിപ്പിച്ച ക്ഷാമബത്തയാണ് ജീവനക്കാർക്ക് അനുവദിച്ചത്. ദീപാവലിയോടനുബന്ധിച്ച് മൂന്ന് ശതമാനം കൂടി വർധിപ്പിച്ചാൽ ക്ഷാമബത്ത 31 ശതമാനമായി ഉയരും.