ദേശീയം
കോവിഡിനെ നിസ്സാരമായി കാണരുത്; മഹാരാഷ്ട്രയിലെ സാഹചര്യത്തിൽ ആശങ്കയെന്ന് കേന്ദ്രം
കോവിഡ് മഹാമാരിയെ നിസ്സാരമായി കാണരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന മഹാരാഷ്ട്രയിലെ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു . മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമാണെന്നും രാജ്യത്തെ കോവിഡ് മുക്തമാക്കണമെങ്കില്‍ വൈറസിനെ നിസ്സാരമായി കാണരുതെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ മുന്നറിയിപ്പ് നല്‍കി.മഹാരാഷ്ട്രയെക്കുറിച്ച് വളരെയധികം ആശങ്കയുണ്ട്. ഗുരുതരമായ വിഷയമാണിത്. വൈറസിനെ നിസ്സാരമായി കാണരുതെന്നും കോവിഡ് മുക്തമായി തുടരണമെങ്കില്‍ വൈറസിനെ നേരിടാന്‍ ഉതകുന്ന പെരുമാറ്റം നമ്മള്‍ പിന്തുടരേണ്ടതുണ്ട് എന്നുമുള്ള രണ്ട് പാഠങ്ങളാണ് മഹാരാഷ്ട്രയിലെ സ്ഥിതി നല്‍കുന്നതെന്നും വി.കെ പോള്‍ വ്യക്തമാക്കി.
ജനിതക മാറ്റം വന്ന വൈറസുമായി മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനത്തിന് ബന്ധമില്ല. വലിയ തോതില്‍ ആളുകള്‍ കൂട്ടംകൂടിയതും കോവിഡ് മര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതുമാണ് രോഗവ്യാപനത്തിന് കാരണമെന്ന് ഐസിഎംആര്‍ തലവന്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. പുതിയ കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നതോടെ നാഗ്പുരില്‍ മാര്‍ച്ച് 15 മുതല്‍ 21 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തില്‍ കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചത്.
കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യത്തെ ആദ്യ പത്ത് നഗരങ്ങളില്‍ എട്ടും മഹാരാഷ്ട്രയിലാണ്. പുണെ, നാഗ്പുര്‍, താനെ, മുംബൈ, അമരാവതി, ജല്‍ഗാവ്, നാസിക്, ഔറഗാബാദ് എന്നീ നഗരങ്ങളിലാണ് കോവിഡ് വ്യാപനം അതിരൂക്ഷം. വ്യാഴാഴ്ച 13,659 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ 60 ശതമാനമാണിത്. അതേസമയം കോവിഡ് കേസുകളുടെ വര്‍ധനവിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 15 മുതല്‍ 21 വരെയാണ് ലോക്ഡൗൺ. പച്ചക്കറി, പഴവര്‍ഗ്ഗ കടകള്‍, പാല്‍ തുടങ്ങിയ അവശ്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും. നാഗ്പുർ പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള പ്രദേശങ്ങളിലായിരിക്കും ലോക്ഡൗൺ
വരും ദിവസങ്ങളില്‍ ലോക്ഡൗണ്‍ ഒഴിവാക്കാന്‍ കഴിയാത്ത ചില പ്രദേശങ്ങളുണ്ടെന്നും അതേതൊക്കെയെന്ന കാര്യത്തില്‍ താമസിയാതെ തീരുമാനം വരുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 13,659 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1710 കേസുകളും നാഗ്പുരിലാണ്. 173 ദിവസങ്ങൾക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിനക്കണക്കാണിത്. രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കേസുകളുടെ 60 ശതമാനവും മഹാരാഷ്ട്രയിലാണ്.