ദേശീയം
കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; ജാഗ്രത തുടരാന്‍ കേന്ദ്രം, സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു
ചൈനയിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ജാഗ്രത തുടരാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.
നിലവില്‍ രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുകയാണ്. ഇന്നലെ 2528 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ചൈനയിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ കുതിച്ചുയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഈ പശ്ചാത്തലത്തിലാണ് മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാനും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള പരിശോധനകളും നിരീക്ഷണവും ശക്തമാക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്വീകരിച്ചുവരുന്ന അഞ്ചിന രീതികള്‍ തുടരാനും കേന്ദ്രം നിര്‍ദേശിച്ചു. പരിശോധന, ട്രാക്ക്, ചികിത്സ, വാക്‌സിനേഷന്‍, കോവിഡ് മാനദണ്ഡങ്ങള്‍ എന്നിവ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം.
മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച പാടില്ല. സാമൂഹിക അകലം പാലിക്കണം. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ കൃത്യമായ ബോധവത്കരണം നടത്തണമെന്നും സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ അയച്ച കത്തില്‍ പറയുന്നു.