കേരളം
സി.എ.ജി റിപ്പോര്‍ട്ട് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നത്: ധനമന്ത്രി
സി.എ.ജി റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയതില്‍ ചട്ടലംഘനം തുറന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്.
സി.എ.ജിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ കിഫ്ബിക്കെതിരെ നീക്കമുണ്ടെന്നും സംസ്ഥാന സര്‍ക്കാരിനേയും സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളേയും അട്ടിമറിക്കുന്നതാണ് സി.എ.ജി റിപ്പോര്‍ട്ടെന്നും ധനമന്ത്രി തോമസ് ഐസക് ആലപ്പുഴയില്‍ വ്യക്തമാക്കി.
കിഫ്ബിയുമായി ബന്ധപ്പെട്ട പ്രശ്നം സി.എ.ജി റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നതല്ല, അത് കേരളത്തിന്റെ വികസനത്തെ എങ്ങിനെ ബാധിക്കുമെന്നതാണ് പ്രശ്നം.
സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ ചട്ടലംഘനമുണ്ടെങ്കില്‍ അത് പരിശോധിക്കാം ആ ചട്ടലംഘനം നേരിടാന്‍ താന്‍ തയ്യാറാണ്. ഇവിടെ വിഷയം കേരളത്തിന്റെ വികസനം അട്ടിമറിക്കപ്പെടുന്നുവെന്നതാണ്.
പുതിയ റിപ്പോര്‍ട്ടിലെ സി.എ.ജിയുടെ നിഗമനങ്ങളോട് യു.ഡി.എഫ് യോജിക്കുന്നുണ്ടോ എന്നാണ് താന്‍ ചോദിക്കുന്നതെന്നും അതിനിതുവരെ മറുപടി വന്നിട്ടില്ലെന്നും ഐസക് പറഞ്ഞു. കിഫ്ബി വായ്പകള്‍ ഓഫ് ബജറ്റ് വായ്പയല്ല. കിഫ്ബി വഴി ഏറ്റെടുക്കുന്ന പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കുന്നവയാണ്.
ഈ ബാധ്യത സര്‍ക്കാരിന്റെ പ്രത്യക്ഷ ബാധ്യതയല്ല. സിഎജി ഓഡിറ്റ് നടക്കുമ്പോള്‍ കിഫ്ബി എടുത്ത ആകെ വായ്പ മൂവായിരം കോടി രൂപയാണ്. അതിനേക്കാളേറെ തുക സംസ്ഥാന വിഹിതമായി നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.