കേരളം
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കാന്‍ ഓര്‍ഡിന്‍സ്; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സര്‍വകലാശാലാ നിയമനങ്ങളെച്ചൊല്ലി ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരു മൂര്‍ഛിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.
നിലവില്‍ അതതു സര്‍വകലാശാലാ നിയമം അനുസരിച്ച് ഗവര്‍ണര്‍ ആണ് എല്ലാ സര്‍വകലാശാലടെയും ചാന്‍സലര്‍. ഇതു മാറ്റാനാണ് ഓര്‍ഡിനന്‍സ് ഇറക്കുക. ഓരോ സര്‍വകലാശാകള്‍ക്കും വ്യത്യസ്ത നിയമം ആണെങ്കിലും ഒറ്റ ഓര്‍ഡിനന്‍സിലൂടെ ഇതു മാറ്റാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഓരോ സര്‍വകലാശാലയ്ക്കും പ്രത്യേകം ചാന്‍സലര്‍മാരെ നിയമിക്കുന്നതിനു ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ടാവും.
അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായാണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം അവതരിപ്പിച്ചത്. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാൻ സർക്കാർ ഡിസംബറിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഓർഡിനൻസ് ഇറക്കിയതോടെ ഇനി ഇതിൽ ഗവർണർ ഒപ്പിടുമോ ഇല്ലെയോ എന്നറിഞ്ഞ ശേഷമായിരിക്കും സഭാ സമ്മേളനത്തിന് മന്ത്രിസഭാ യോഗം ശുപാർശ ചെയ്യുക.
അതേസമയം ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാൻ ഓർഡിനൻസ് കൊണ്ടുവന്നാലും ഗവർണർ അതിൽ ഒപ്പിടണം. ഗവർണർ ഒപ്പുവെച്ചാൽ മാത്രമേ നിയമം പ്രാബല്യത്തിൽ വരുകയുള്ളു. അവിടെയും ഗവർണറുടെ നിലപാട് നിർണായകമാണ്. ലോകായുക്ത, സർവകലാശാല നിയമഭേദഗതി ബില്ലുകളിൽ ഗവർണർ ഇതുവരെ ഒപ്പിവെച്ചിട്ടില്ല. സമാനമായ സ്ഥിതി ഈ ബില്ലിലും ഉണ്ടാകുമോയെന്ന ആശങ്ക ഭരണവൃത്തങ്ങളിലുണ്ട്.