ക്രൈം
പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ വ്യവസായിയുടെ മകൻ അറസ്റ്റിൽ
പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ വ്യവസായി വർഗീസ് കപ്പട്ടിയുടെ മകൻ അശ്വിൻ കപ്പട്ടി അറസ്റ്റിൽ. എറണാകുളം സ്വദേശിനിയുടെ പരാതിയിലാണ് അശ്വിനെ ആലുവയിൽ നിന്ന് കസബ പോലീസ് അറസ്റ്റ് ചെയ്തത്.
2014-ൽ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ അഞ്ചുവർഷത്തോളം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്നും പണം തട്ടിയെന്നുമാണ് യുവതിയുടെ പരാതി.
മൂന്നുമാസമായി ഒളിവിൽ കഴിഞ്ഞിരുന്ന അശ്വിൻ കഴിഞ്ഞ ദിവസമാണ് റിയൽ എസ്റ്റേറ്റ് ഇടപാടിനായി തൃശ്ശൂരിലെത്തിയത്. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ആലുവയിൽ നിന്ന് പിടികൂടുന്നത്.
പെൺകുട്ടികളെ ഫെയ്സ്ബുക്ക് വഴി പരിചപ്പെട്ട് അവരെ ലൈംഗികചൂഷണം ചെയ്ത് പിന്നീട് ഒഴിവാക്കി വിടുകയെന്നുളളതാണ് ഇയാളുടെ രീതിയെന്ന് പീഡനത്തിനിരയായ യുവതി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
പൂഞ്ഞാർ സ്വദേശിക്ക് വിസ വാഗ്ദാനംചെയ്ത് 3.5 ലക്ഷം രൂപ തട്ടിയ കേസും ഇയാൾക്കെതിരേ നിലവിലുണ്ട്. നിരവധി പെൺകുട്ടികൾ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത കേസിൽ അശ്വിന്റെ സഹോദരൻ നേരത്തേ പോലീസ് പിടിയിലായിരുന്നു. കൊച്ചിയിൽ വനിതാ ട്രാഫിക് വാർഡനെ മർദിച്ച കേസിൽ മറ്റൊരു സഹോദരനും പ്രതിയായിട്ടുണ്ട്.