കേരളം
ബഫർ സോൺ; പരാതികൾ നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
ബഫർ സോൺ പ്രശ്നത്തിൽ പരാതികൾ നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. വിവിധ റിപ്പോർട്ടുകളിലും ഭൂപടത്തിലുമുള്ള പരാതികൾ ഇന്ന് വൈകിട്ട് 5 മണി വരെ സമർപ്പിക്കാം. ഇതിനു ശേഷം പരാതികൾ ഇ മെയിൽ വഴിയോ, നേരിട്ടോ സ്വീകരിക്കില്ലെന്ന് വനം വകുപ്പ് അറിയിച്ചു.
ഇതുവരെ 54,607 പരാതികളാണ് വിവിധ പഞ്ചായത്തു ഹെൽപ് ഡെസ്കുകളിൽ ലഭിച്ചത്. ഇതിൽ 17,054 എണ്ണത്തിൽ മാത്രമാണ് തീർപ്പാക്കിയത്. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് പീച്ചി വൈല്‍ഡ് ലൈഫിന് കീഴിലാണ്. ഇവിടെ മാത്രം 12445 പരാതികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
അതിനിടെ ഫീൽഡ് സർവേ പുരോഗമിക്കുന്നുണ്ടെങ്കിലും പുതിയ നിർമ്മിതികളുടെ വിവരങ്ങൾ പൂർണ്ണമായും ഉൾപ്പെടുത്താനായിട്ടില്ല.
സ്ഥലപരിശോധന പൂർത്തിയാക്കി വിവരങ്ങൾ അപ്‍ലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്ററിന്റെ അസറ്റ് മാപ്പർ ആപ് തകരാറിലായത് നേരിട്ടുള്ള സ്ഥലപരിശോധനയെ ഇന്നലെ ബാധിച്ചു. തുടർന്ന് ജില്ലകളിൽ നേരിട്ടുള്ള സ്ഥല പരിശോധന മുടങ്ങിയതിനാൽ പുതുതായി കണ്ടെത്തിയ നിർമിതികളുടെ വിവരം രേഖപ്പെടുത്താനായിട്ടില്ല. അതിനാൽ സ്ഥലപരിശോധന വരും ദിവസങ്ങളിലും തുടരും. ബഫർസോൺ ഉത്തരവ് നടപ്പായാൽ ഏറ്റവും കൂടുതൽ ബാധിക്കുന്ന ജില്ലകളിലൊന്നാണ് വയനാട്ടിലെ ബഫർ സോൺ ഫീൽഡ് സർവേ മിക്ക മേഖലകളിലും പൂർത്തിയാക്കാനായിട്ടില്ല.