ദേശീയം
ഗുസ്തി താരങ്ങളുടെ പ്രതിഷേധം; ബ്രിജ് ഭൂഷണിൻ്റെ റാലി മാറ്റി വച്ചു
ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനെതിരെ ബ്രിജ് ഭൂഷൺ പ്രഖ്യാപിച്ച റാലി മാറ്റിവച്ചു. ജൂൺ 5 ന് പ്രഖ്യാപിച്ച ജൻ ചേതൻ മഹാറാലിയാണ് മാറ്റി വച്ചത്. പൊലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് റാലി നീട്ടി വക്കുന്നതെന്ന് ബ്രിജ് ഭൂഷൺ പറഞ്ഞു. റാലി നടത്തുന്നതിന് അയോധ്യ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു എന്നും സൂചനയുണ്ട്. തനിക്കെതിരെ നടക്കുന്നത് പ്രതിപക്ഷത്തിന്റ നുണ പ്രചരണമെന്നും ബ്രിജ് ഭൂഷൺ കൂട്ടിച്ചേർത്തു.
ബ്രിജ് ഭൂഷണെതിരായ താരങ്ങളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഹരിയാന ബി.ജെ.പിയിൽ ഭിന്നത രൂക്ഷമാവുകയാണ്. ഹിസാർ എം.പി. ബ്രിജേന്ദ്ര സിങ്ങും സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ വിജും താരങ്ങളെ അനുകൂലിച്ച് പരസ്യമായു രംഗത്തുവന്നു. അതേസമയം, ഗുസ്തിതാരങ്ങളുടെ വിഷയം ഹരിയാനയുമായി ബന്ധമില്ലാത്തതാണെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ പറഞ്ഞു.
മുഴുവൻ ജീവിതകാലത്തേയും കഠിനപ്രയ്തനത്തിന്റെ സമ്പാദ്യമായ മെഡലുകൾ വിശുദ്ധമായ ഗംഗയിലൊഴുക്കുന്നതിനോളം ഗുസ്തിതാരങ്ങളെ എത്തിച്ച നിസഹായാവസ്ഥ തനിക്ക് മനസിലാക്കാൻ കഴിയുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ബ്രിജേന്ദ്ര സിങ് പറഞ്ഞു. അതേസമയം, വിഷയം കേന്ദ്ര സർക്കാരും താരങ്ങളും തമ്മിലുള്ള പ്രശ്നമാണെന്നും സംസ്ഥാനവുമായി ബന്ധപ്പെട്ടതല്ലെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്.
വനിതാ ഗുസ്തി താരങ്ങളുടെ പീഡന പരാതിയിൽ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ രണ്ട് എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. പീഡനം, മോശം സ്പർശനം എന്നിവ ഉൾപ്പെടെ നിരവധി വകുപ്പുകൾ ബ്രിജ് ഭൂഷണെതിരെ ചുമത്തിയിട്ടുണ്ട്.
ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന ഐപിസി സെക്ഷൻ 354, 354 എ, 354 ഡി, 34 എന്നിവ രണ്ട് എഫ്‌ഐആറുകളിലും ഉദ്ധരിക്കുന്നു. ആദ്യ എഫ്‌ഐആറിൽ ആറ് മുതിർന്ന ഗുസ്തിക്കാരുടെ ആരോപണങ്ങളും ഡബ്ല്യുഎഫ്‌ഐ സെക്രട്ടറി വിനോദ് തോമറിന്റെ പേരുമുണ്ട്. രണ്ടാമത്തെ എഫ്‌ഐആർ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവിന്റെ പരാതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. അഞ്ച് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന പോക്‌സോ നിയമത്തിലെ സെക്ഷൻ 10 പ്രകാരമാണ് രണ്ടാമത്തെ എഫ്‌ഐആർ.
ലൈംഗിക പീഡനത്തിനിരയാക്കിയെന്ന 10 പരാതികൾ ബ്രിജ് ഭൂഷനെതിരെയുണ്ട്. കൂടാതെ ലൈംഗികമായി വഴങ്ങാൻ ആവശ്യപ്പെട്ടുവെന്ന പരാതിയിൽ രണ്ട് കേസിലും ഇയാളെ പ്രതിയാക്കിയിട്ടുണ്ട്.