കേരളം
ബ്രഹ്മപുരം തീപിടിത്തം കോവിഡിനേക്കാൾ ഭീകരമായ ദുരന്തം; രണ്‍ജി പണിക്കര്‍
ബ്രഹ്മപുരത്തെ തീപിടിത്തം കേരള ചരിത്രത്തില്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന ദുരന്തമെന്ന് ചലച്ചിത്രകാരന്‍ രണ്‍ജി പണിക്കര്‍. വിഷയത്തിൽ ജുഡീഷ്യറിയുടെ ഭാഗത്തുനിന്നുണ്ടായ ജാഗ്രത എക്സിക്യൂട്ടീവില്‍ നിന്നുണ്ടായോ എന്നു പരിശോധിക്കണമെന്നും ലക്ഷക്കണക്കിനു ജനങ്ങളുടെ നേർക്കുണ്ടായ കുറ്റമാണ് ഇതെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.
എത്ര ദുരന്തങ്ങൾ കണ്ടാലും നമ്മൾ ഒന്നും പഠിക്കുന്നില്ല. ഏതെങ്കിലും പാർട്ടിയെയോ ഭരണസംവിധാനത്തേയോ അല്ല പറയുന്നത്. പൊതുവിൽ സമൂഹത്തിന്റെ പ്രശ്നമാണ്. മാലിന്യസംസ്കരണത്തെക്കുറിച്ച് പല രാജ്യങ്ങളിൽ പോയി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളർ പഠിച്ചതാണ്. എന്നാൽ നമ്മുടെ സംവിധാനങ്ങൾ ഇതു പഠിക്കാതിരിക്കുന്നതിനെ കുറിച്ചും കേരളത്തിൽ പ്രായോഗികമാക്കാൻ സാധിക്കാത്തതിനെക്കുറിച്ചും ഒരു പരിശോധന ആവശ്യമാണ്.
കോവിഡിനേക്കാൾ ഭീകരമായ ദുരന്തമാണ് ഇതെന്നാണ് തോന്നുന്നത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി രാവും പകലുമില്ലാതെ ബ്രഹ്മപുരത്തെ തീയണയ്ക്കാൻ നിരവധി ആളുകൾ കഷ്ടപ്പെടുന്ന കാഴ്ച ഭീകരമാണ്. ഇങ്ങനെ ഒരു ദുരന്തം സംഭവിച്ചാൽ അതിനെ എങ്ങനെ നേരിടണമെന്ന് നമുക്ക് അറിയില്ല. ഇത്രയും ദിവസങ്ങളായിട്ട് നമുക്ക് ഒരു സിസ്റ്റമില്ലെങ്കിൽ പിന്നെ എന്തു ധൈര്യത്തിലാണ് ഇത്രയും വലിയ മാലിന്യ പർവ്വതം നഗരത്തിന്റെ ഹൃദയത്തിൽ പൊങ്ങിയത്?– രൺജി പണിക്കർ ചോദിച്ചു.
തീപിടിത്തമുണ്ടായ സ്ഥലത്തുനിന്നു കിലോമീറ്ററുകൾ മാറി താമസിക്കുന്ന എനിക്ക് പോലും കുറച്ചുദിവസങ്ങളായി പുറത്തിറങ്ങി വായു ശ്വസിക്കാൻ സാധിക്കാത്ത രീതിയിൽ കാര്യങ്ങൾ ഗുരുതരമാണ്. കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ, ഏറ്റവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ദുരന്തമാണ് ഇതെന്നും രൺജി പണിക്കർ പറഞ്ഞു.