കേരളം
മുതലപ്പൊഴിയിൽ ശക്തമായ തിരമാലയിൽ പെട്ട് വളളം തലകീഴായി മറിഞ്ഞു; നാലുപേർ നീന്തി രക്ഷപ്പെട്ടു
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് നാലുപേർ അപകടത്തിൽ പെട്ടു. നാലു പേരും നീന്തി രക്ഷപ്പെട്ടു. കരയിലേക്ക് തിരികെ വരുമ്പോഴായിരുന്നു അപകടം. ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം തല കീഴായി മറിയുകയായിരുന്നു. മുതലപ്പൊഴിയിൽ നിന്നും തുടർച്ചയായി അപകട വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ കർശന നിർദ്ദേശവുമായി ഫിഷറീസ് വകുപ്പ് രംഗത്തെത്തിയിരുന്നു. ജാഗ്രത മുന്നറിയിപ്പുകൾ ഉള്ള ദിവസങ്ങളിൽ മുതലപ്പൊഴിയിലൂടെയുള്ള കടലിൽപോക്ക് പൂർണമായി വിലക്കണം എന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകി. കടലിൽ പോകരുതെന്ന മുന്നറിയിപ്പുകൾ ഉണ്ടെങ്കിലും മത്സ്യത്തൊഴിലാളികൾ അവഗണിക്കുന്നു. ഈ പശ്ചാത്തലത്തിൽ മുതലപ്പൊഴിയിൽ കർശനമായി വിലക്ക് നടപ്പാക്കണം. മത്സ്യത്തൊഴിലാളി സംഘടനകളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് അന്തിമ തീരുമാനം.
കഴിഞ്ഞ മാസം മുതലപ്പൊഴിയിൽ വീണ്ടും അപകടമുണ്ടായി. നാല് പേരുമായി കടലിൽ പോയ വള്ളമാണ് മറിഞ്ഞത്. ലാൽസലാം സഖാവ് എന്ന താങ്ങുവള്ളത്തിന്റെ കൂട്ടുവള്ളമാണ് അപകടത്തിൽപ്പെട്ടത്. പൊഴിമുഖത്തെ ശക്തമായ തിരയിൽപ്പെട്ട് നാല് പേരുണ്ടായിരുന്ന ചെറുവള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന പുതുക്കുറുച്ചി സ്വദേശി ബിജു കടലിൽ വീണെങ്കിലും ഉടൻ നീന്തിക്കയറി. പിന്നാലെ മത്സ്യബന്ധന വകുപ്പിന്റെ ബോട്ടിൽ ഇദ്ദേഹത്തെ ഹാർബറിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി. കാര്യമായ പരിക്കുകൾ ഇദ്ദേഹത്തിനില്ല. മറ്റ് മൂന്ന് പേരും സുരക്ഷിതരാണ്. പുലിമുട്ടിലെ നിർമ്മാണത്തിലെ അശാസ്ത്രീയതക്കെതിരെ പ്രതിഷേധങ്ങൾ നടക്കുമ്പോഴാണ് അപകടങ്ങൾ തുടർച്ചയാകുന്നത്.
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് നാല് പേർ മരിച്ചിരുന്നു. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, ബിജു ആന്റണി, റോബിൻ എഡ്‍വിൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരായ മത്സ്യതൊഴിലാളികളും നേവിയുടെ സ്കൂബ ടീമും ചേർന്ന നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുലിമുട്ടിലെ കല്ലിനിടയിൽ കുടുങ്ങിയ നിലയിലായരുന്നു മൃതദേഹങ്ങൾ.