കേരളം
ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട്
ഒക്ടോബര്‍ മാസത്തിലെ കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഡാം തുറക്കേണ്ടി വരുമോ എന്ന ആശങ്കയുയര്‍ന്ന് കഴിഞ്ഞു. ഡാം തുറക്കുന്നതിന് മുന്നോടിയായി ആദ്യത്തെ മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ടും പ്രഖ്യാപിച്ചു. 2403 അടിയാണ് ഇടുക്കി ഡാമിലെ പരാമാവധി സംഭരണ ശേഷി. പ്രളയ സാധ്യത കണക്കിലെടുത്ത് പൂര്‍ണ സംഭരണശേഷിയിലെത്തിക്കാന്‍ കേന്ദ്ര ജലകമ്മീഷന്‍ കെഎസ്ഇബിക്ക് അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍, തുടര്‍ച്ചയായി കനത്ത മഴ പെയ്താല്‍ ഡാം തുറന്ന് വിടേണ്ടി വരും.
നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് 2390.86 അടിയിലെത്തിയാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കണം. ജലനിരപ്പ് 2390.86 അടിയിലെത്തിയതിനെ തുടര്‍ന്ന് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംഭരണ ശേഷിയുടെ 86 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 2392.52 അടിയായിരുന്നു ജലനിരപ്പ്. ജലനിരപ്പ് 2398.86 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ജില്ലാകളക്ടറുടെ അനുമതിയോടെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടണം. പക്ഷേ ഇതിന് എട്ടടിയോളം ജലനിരപ്പ് ഉയരണം.
മഴ കുറഞ്ഞതിനാലും മൂലമറ്റത്ത് ഉല്‍പ്പാദനം കൂട്ടിയതിനാലും ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലായിട്ടുണ്ട്. പരമാവധി സംഭരണ ശേഷിയില്‍ നിന്നും പത്തു ദിവസം കൊണ്ട് ജലനിരപ്പ് കുറച്ച് റൂള്‍ കര്‍വിലെത്തിച്ചാല്‍ മതി. അതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തുറക്കേണ്ടി വരില്ലെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടല്‍. 2018ലെ മഹാപ്രളയത്തിലാണ് ഇടുക്കി ഡാം അവസാനമായി തുറന്നത്.