കേരളം
150 തവണ രക്തം ദാനം ചെയ്ത നെല്ലിമൂട് ബൈജു കൊവിഡിന് കീഴടങ്ങി
നൂറ്റൻപതു പ്രാവശ്യം രക്തദാനം ചെയ്ത് നെല്ലിമൂട് സ്വദേശി ബൈജു കൊവിഡിന് കീഴടങ്ങി. കൊവിഡ് ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
കൊവിഡ് ഒന്നാംഘട്ടത്തിൽ ഉൾപ്പെടെ കേരളത്തിലുടനീളം നിരവധി പേർക്ക് രക്തം ദാനം ചെയ്തു മാതൃകയായ വ്യക്തിയായിരുന്നു ബൈജു.
തിരുവനന്തപുരം, നെല്ലിമൂടില്‍ വ്യാപാരിയായ ബൈജു പൊതുപ്രവര്‍ത്തകന്‍ കൂടിയാണ്. യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയായിരിക്കുന്ന സമയത്താണ് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് രക്തം ദാനം ചെയ്യാനുള്ള തീരുമാനമെടുത്തത്. അമ്മ ലീലയും അച്ഛന്‍ മണിയും പ്രോത്സാഹിപ്പിച്ചതോടെ രക്തദാനം ശീലമാക്കാന്‍ ബൈജുവിനു സാധിച്ചു. ആറു മാസം ഇടവിട്ട് രക്തദാനം നടത്തി തുടങ്ങിയ ബൈജു പിന്നീടത് മൂന്ന് മാസത്തിലൊരിക്കലാക്കി. അന്താരാഷ്ട്ര രക്തദിനാചരണത്തിന്റെ ഭാഗമായി നടന്ന രക്തദാന ക്യാമ്പിലാണ് ബൈജു സെഞ്ച്വറി തികച്ചത്.
രക്തദാനത്തിലൂടെ മാതൃകയാകുന്നതിന് പുറമെ തന്റെ സുഹൃത്തുക്കളേയും നാട്ടുകാരേയും ഇതിനായി പ്രോത്സാഹിപ്പിക്കാനും ബൈജു മുന്നിട്ടിറങ്ങി. യാതൊരു ബുദ്ധിമുട്ടുകളും നേരിടാതെ തന്നെ മറ്റുള്ളവര്‍ക്കായി നല്‍കാന്‍ കഴിയുന്ന ഒരു വലിയ സാഹായമാണ് രക്തദാനമെന്ന് ഇവരെ പറഞ്ഞു മനസിലാക്കാനും നിരവധിപ്പേരെ രക്തദാനത്തിലേക്ക് കൊണ്ടുവരാനും സാധിച്ച സംതൃപ്തിയും ബൈജുവിനുണ്ട്.
ഇതിന്റെ ഫലമായി സന്നദ്ധ രക്തദാതാക്കളുടെ എണ്ണം വര്‍ധിച്ചതിനാല്‍ നെല്ലിമൂട് ഗ്രാമത്തിന് രക്തദാന ഗ്രാമം എന്ന വിശേഷണവും ലഭിച്ചിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെ മുന്നൂറോളം രക്തദാതാക്കള്‍ ഇവിടെയുണ്ട്. നെല്ലിമൂട്ടിലെ രണ്ട് ലൈബ്രറികളില്‍ രക്തദാന ഫോറവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടുത്തെ വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെ ആള്‍ കേരള ബ്ലഡ് ഡോണേഴ്‌സ് സൊസൈറ്റി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
ബൈജുവിന് സംസ്ഥാനത്തെ ഏറ്റവും നല്ല രക്ത ദാതാവിനുള്ള അവാര്‍ഡ് രണ്ട് തവണ ലഭിച്ചിട്ടുണ്ട്.