കേരളം
തിരുവനന്തപുരത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു, കണ്ടെത്തിയത് സ്വകാര്യ ഫാമിൽ
തിരുവനന്തപുരം ജില്ലയിലെ അഴൂർ ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പഞ്ചായത്തിലെ 17ാം വാർഡിൽ പെരുങ്ങുഴി ജംഗ്ഷനു സമീപമുള്ള സ്വകാര്യ ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെയുള്ള താറാവിലും കോഴിയിലുമാണ് പക്ഷിപ്പനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.
നൂറുകണക്കിന് താറാവും കോഴിയും ഇവിടെ ചാവുകയും ചെയ്തു. മൂന്ന് മാസങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നിന്ന് കൊണ്ടുവന്ന താറാവ് കുഞ്ഞുങ്ങൾക്കും ഹൈദരാബാദിൽ നിന്ന് കൊണ്ടുവന്ന കോഴിക്കുഞ്ഞുങ്ങൾക്കുമാണ് രോഗം പടർന്നുപിടിച്ചത്. ഫാമിലെ താറാവിനും കോഴിക്കും അസുഖബാധയേറ്റപ്പോൾ ആദ്യം ആന്റിബയോട്ടിക്കുകൾ നൽകിയെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് വിശദപരിശോധനയ്ക്കായി സാമ്പിൾ പാലോട് സ്റ്റേറ്റ് ഇൻസ്റ്റിട്ട്യൂട്ട് ഫോർ ആനിമൽ ഡിസീസസിലും കൂടുതൽ പരിശോധനയ്ക്കായി ഭോപ്പാലിലും (എൻ.ഐ.എച്ച്.എസ്.എ.ഡി ലാബിൽ) അയച്ചു. അവിടെ നിന്ന് കിട്ടിയ റിസൾട്ട് പോസിറ്റീവ് ആയതിനെത്തുടർന്നാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.