കേരളം
ഒപ്പിട്ടില്ലെങ്കില്‍ ബിനീഷ് കൂടുതല്‍ കുടുങ്ങുമെന്ന് ഭീഷണിപ്പെടുത്തി: ആരോപണവുമായി ഭാര്യ
ബിനീഷ് വീട്ടിലേക്ക് വരണമെങ്കില്‍ മഹ്സറില്‍ ഒപ്പിടണം. ഒപ്പിട്ടില്ലെങ്കില്‍ ബിനീഷ് കൂടുതല്‍ കുടുങ്ങുമെന്നും പറഞ്ഞതായി ബിനീഷ് കോടിയേരിയുടെ ഭാര്യ.
ഇ.ഡി അമ്മയുടെ ഐഫോണ്‍ കൊണ്ടുപോയെന്ന് ബിനീഷിന്റെ ഭാര്യ പറഞ്ഞു. ബിനീഷ് ബോസ്സും ഡോണുമല്ലെന്നും തന്റെ രണ്ട് കുട്ടികളുടെ അച്ഛന്‍ മാത്രമാണെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞുകൊണ്ട് ഭാര്യ പറഞ്ഞു.
ബിനീഷിന് കുറച്ച് സുഹൃത്തുക്കള്‍ മാത്രമാണുള്ളത്. മറ്റെല്ലാം കളവാണെന്നും ഭാര്യ പറഞ്ഞു. റെയ്ഡിനിടെ അനൂപ് മുഹമ്മദിന്റെ പേരിലുള്ള ഒരു കാര്‍ഡ് കിട്ടിയെന്നും അതില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.
എന്നാല്‍ അത് ഉദ്യോഗസ്ഥര്‍ ഇവിടെ മനഃപൂര്‍വം കൊണ്ടിട്ടതാണെന്നും ഒപ്പിട്ട് കൊടുത്തിട്ടില്ലെന്നും ഭാര്യ പറഞ്ഞു. കുട്ടിയേയും തന്നെയും താഴത്തെ മുറിയിലാക്കി നേരെ ബിനീഷിന്റെ റൂമിലേക്ക് പോയിട്ടായിരുന്നു പരിശോധന.
കാര്‍ഡില്ലാതെ ഒന്നും തന്നെ ഇവിടെ നിന്ന് കിട്ടിയില്ല. അതേസമയം, ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിലെ പരിശോധന അവസാനിപ്പിച്ച് ഇ.ഡി സംഘം മടങ്ങി.
ഒരു ദിവസത്തിലേറെ നീണ്ട പരിശോധനയാണ് അവസാനിച്ചത്. വീട്ടില്‍ നിന്ന് പുറത്തേക്കു പോയ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം വിവരങ്ങള്‍ ആവശ്യപ്പെട്ട് സംസ്ഥാന പോലിസ് തടഞ്ഞുവെച്ചു.
പിന്നീട് അറിയിക്കാമെന്ന് പറഞ്ഞതിന് പിന്നാലെയാണ് വാഹനം പോകാന്‍ അനുവദിച്ചത്. ഇന്ന് രാവിലെ മുതല്‍ നാടകീയ രംഗങ്ങളാണ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടന്നത്.
ബിനീഷിന്റെ ഭാര്യയെ തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് ആരോപിച്ച ബന്ധുക്കള്‍ വീടിന് മുന്നില്‍ കുത്തിയിരുന്നു.
പിന്നാലെ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് സ്ഥലത്തെത്തി.
രണ്ടര വയസ് പ്രായമുള്ള ബിനീഷിന്റെ കുഞ്ഞിനെ നിയമവിരുദ്ധമായി തടവില്‍ വെച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്ന ബിനീഷിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷനെത്തിയത്.