ദേശീയം
ബിനീഷ് കോടിയേരിക്ക് ജാമ്യം
ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. അറസ്റ്റിലായി ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കേയാണ് ബിനീഷ് കോടിയേരിക്ക് ബംഗളൂരു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ് അന്വേഷിക്കുന്ന കേസില്‍ നാലാം പ്രതിയാണ് ബിനീഷ്.
ജാമ്യാപേക്ഷയില്‍ ഉപാധികളോടെയാണ് ബംഗളൂരു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്‍സിബി കേസില്‍ പ്രതിയല്ലാത്തത് കൊണ്ട് ജാമ്യം അനുവദിക്കണമെന്ന് ബിനീഷിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
2020 ഓഗസ്റ്റില്‍ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂര്‍ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി ഡി.അനിഖ എന്നിവരെ ലഹരിക്കേസില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തതാണു തുടക്കം. അനൂപിനെ ചോദ്യം ചെയ്തപ്പോള്‍ ആദായ നികുതി നല്‍കാതെയുള്ള ഇടപാടുകളെക്കുറിച്ചു സൂചന ലഭിക്കുകയും ബിനീഷിന്റെ പേര് ഉയര്‍ന്നു വരികയും ചെയ്തതോടെ ഇഡി കേസ് റജിസ്റ്റര്‍ ചെയ്തു.
അനൂപുമായി പരിചയമുണ്ടെന്നും ബെംഗളൂരുവില്‍ ഹോട്ടല്‍ നടത്താനായി പണം വായ്പ നല്‍കിയതല്ലാതെ മറ്റ് ഇടപാടുകളില്ലെന്നും ബിനീഷ് മൊഴി നല്‍കിയെങ്കിലും അക്കൗണ്ടുകളിലെ പണമിടപാട് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്യുകയായിരുന്നു. ബിസിനസ്, സിനിമ എന്നിവയില്‍നിന്നുള്ള വരുമാനമാണ് അക്കൗണ്ടിലുള്ളതെന്ന് ബിനീഷ് വാദിക്കുന്നു. 14 ദിവസം ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിനു ശേഷം നവംബര്‍ 11 മുതല്‍ ബെംഗളൂരു പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണു ബിനീഷ്.
ജാമ്യഹര്‍ജി ഡിസംബറിലും ഈ ഫെബ്രുവരിയിലും വിചാരണക്കോടതി തള്ളിയതിനെ തുടര്‍ന്ന് ബിനീഷ് ഏപ്രിലില്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 7 മാസത്തിനിടെ 3 ബെഞ്ചുകള്‍ വാദം കേട്ടെങ്കിലും തീരുമാനമായില്ല. ഒടുവില്‍ നടന്ന വാദം ഈ മാസം 7നു പൂര്‍ത്തിയായി. ഇതിന് പിന്നാലെയായിരുന്നു ജാമ്യം അനുവദിച്ച് കൊണ്ടുള്ള വിധി.