കേരളം
ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി
ലഹരിമരുന്ന് കേസില്‍ സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി കോടതി നീട്ടി. അഞ്ച് ദിവസത്തേക്ക് കൂടി ഇ.ഡിക്ക് ബിനീഷിനെ കസ്റ്റഡിയില്‍ വെയ്ക്കാമെന്നാണ് കോടതി വ്യക്തമാക്കി. ബംഗളൂരു സിറ്റി സെഷന്‍സ് കോടതിയുടേതാണ് വിധി.
പത്ത് ദിവസമാണ് ഇ.ഡി ബിനീഷിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ശനിയാഴ്ച വരെ കസ്റ്റഡി അനുവദിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി ഏറെ മോശമാണെന്ന് ബിനീഷ് കോടിയേരി മജിസ്ട്രേറ്റിനെ അറിയിച്ചിരുന്നു.
ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ചു. ഇതുകൂടി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. അതേസമയം, ബിനീഷ് കോടിയേരി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന വാദമാണ് ഇ.ഡി പ്രധാനമായും ഉന്നയിച്ചത്.
കഴിഞ്ഞ രണ്ട് ദിവസം ചോദ്യം ചെയ്യല്‍ നടന്നില്ലെന്നാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. പണം ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങളും ഇ.ഡി കോടതില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ബിനീഷ് കോടതിയില്‍ പറഞ്ഞു.
കടുത്ത ശരീര വേദനയുണ്ട്. 10 തവണ ഛര്‍ദിച്ചെന്നും ബിനീഷ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഇ.ഡി ഓഫിസിലെത്തിച്ചപ്പോള്‍ ബിനീഷ് ക്ഷീണിതനായിരുന്നു. വയ്യെന്നു മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞ ബിനീഷ് പടികള്‍ ആയാസപെട്ടാണ് കയറിയത്.
അതേസമയം, കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിക്കു നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നെന്ന് ആരോപിച്ച് സഹോദരന്‍ ബിനോയ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. നേരിട്ടുകാണാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.