കേരളം
സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ
അപേക്ഷകനിൽ നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും അറസ്റ്റിൽ. ചിത്താരി വില്ലേജ് ഓഫീസർ സി അരുൺ (40), വില്ലേജ് അസിസ്റ്റന്റ് കെ വി സുധാകരൻ (52) എന്നിവരെയാണ് കാസർകോട് വിജിലൻസ് സംഘം അറസ്റ്റു ചെയ്തത്.
ചാമുണ്ഡിക്കുന്ന് സ്വദേശിയായ പ്രവാസി എം അബ്ദുൾ ബഷീറാണ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയത്. സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്കാരം നേടിയ ഉദ്യോഗസ്ഥനാണ് അരുൺ. കഴിഞ്ഞ ഫെബ്രുവരി 22-നാണ് റവന്യൂവകുപ്പ് അരുണിനെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുത്തത്.
ചിത്താരി-ചാമുണ്ഡിക്കുന്ന് റോഡിൽ കൊട്ടിലങ്ങാട്ട് 17.5 സെന്റുമായി ബന്ധപ്പെട്ട ഒരു അപേക്ഷ പരിഗണിക്കാൻ വില്ലേജ് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് അബ്ദുൾ ബഷീറിന്റെ പരാതി. രാസവസ്തു പുരട്ടിയ 500 രൂപയുടെ ആറു നോട്ടുകൾ വിജിലൻസ് ഉദ്യോഗസ്ഥർ പരാതിക്കാരന് നൽകി. വ്യാഴാഴ്ച രാവിലെ വില്ലേജ് ഓഫീസിലെത്തി പരാതിക്കാരൻ വിജിലൻസ് നൽകിയ പണത്തിൽ നിന്ന് 2000 രൂപ ഓഫീസർക്കും 1000 രൂപ അസിസ്റ്റന്റിനും നൽകി.
പുറത്തു കാത്തുനിന്ന വിജിലൻസ് ഉദ്യോഗസ്ഥർ വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും കയ്യോടെ പിടികൂടി. പ്രതികളെ തലശ്ശേരി വിജിലൻസ് സ്പെഷ്യൽ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.