കേരളം
ഐടി പാർക്കുകളിലെ ബാർ ലൈസൻസ്, കമ്പനികൾക്ക് ക്ലബ് രൂപീകരിച്ച് അപേക്ഷിക്കാം
ഐടി പാർക്കുകളിലെ ബാർ ലൈസൻസിനായി കമ്പനികൾക്കും ക്ലബ് രൂപീകരിച്ച് അപേക്ഷിക്കാം. ഇതു സംബന്ധിച്ച് എക്സൈസ് കമ്മീഷണർ അബ്കാരി ചട്ട ഭേദഗതിക്ക് ശുപാർശ നൽകി. ക്ലബ് ലൈസൻസ് ഫീസ് നിലവിൽ 20 ലക്ഷമാണ്. ഐടി പാർക്കിലെ ലൈസൻസ് ഫീസ് സർക്കാർ തീരുമാനിക്കും.
ഐടി പാർക്ക് ക്ലബിൽ പ്രവേശന അനുമതി കമ്പനി ജീവനക്കാർക്കും അതിഥികൾക്കും മാത്രമായിരിക്കും. ഒരു പാർക്കിൽ ഒന്നിലധികം അപേക്ഷകളിലെ തീരുമാനം ചട്ട ഭേദഗതിയിൽ ഉൾപ്പെടുത്തും. വീര്യം കുറഞ്ഞ മദ്യ ഉൽപാദനം സഹകരണ മേഖലക്ക് നൽകും. കാർഷിക മേഖലയിലെ സഹകരണ സംഘങ്ങൾക്ക് ഇതിനുള്ള ലൈസൻസിന് അപേക്ഷിക്കാം. മദ്യ ഉൽപ്പാദനത്തിനുള്ള പഴവർഗങ്ങൾ കേരളത്തിൽ ഉൽപ്പാദിപ്പിക്കണം. ഇതിനായും അബ്കാരി ചട്ട ഭേദഗതി വരുത്തും.
സംസ്ഥാനത്ത് പുതിയ മദ്യനയം ഇന്നാണ് നിലവിൽ വന്നത്. പുതിയ നയം അനുസരിച്ച് കൂടുതൽ മദ്യശാലകള്‍ സംസ്ഥാനത്ത് തുടങ്ങും. സൈനിക അർധ സൈനിക ക്യാന്‍റീനുകളിൽ നിന്നുള്ള മദ്യത്തിന്‍റെ വിലകൂടും. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വില കൂടുന്നത്. ബാറുകളുടെ വിവിധ ഫീസുകളും വർധിപ്പിച്ചിട്ടുണ്ട്.
സർവിസ് ഡെസ്ക് ഫീസ്, കൂടുതൽ ബാർ കൗണ്ടർ എന്നിവയ്ക്കുള്ള ഫീസാണ് കൂട്ടിയത്. പുതിയ മദ്യനയത്തിന്‍റെ അടിസ്ഥാനത്തിൽ ഐടി പാർക്കുകളിൽ ബിയർ വൈൻ പാലറുകള്‍ക്ക് ലൈസൻസ് അനുവദിക്കും. ബ്രുവറി ലൈസൻസും അനുവദിക്കും. പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.