കേരളം
തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം
തിരുവനന്തപുരം ജില്ലയില്‍ ഖനനം, വിനോദസഞ്ചാരം എന്നിവയ്ക്ക് നിരോധനം. കനത്തമഴ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ മെയ് 19, 20, 21 ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിന് പുറമേ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ ഉള്ളതിനാലും മലയോര മേഖലകളില്‍ ജാഗ്രത പാലിക്കേണ്ടതിനാലും ജില്ലയിലെ മലയോര – കായലോര മേഖലകളിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള യാത്ര, ഖനനം എന്നിവ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടു. കൂടാതെ കടലോര പ്രദേശങ്ങളിലേക്കുള്ള വിനോദ സഞ്ചാരം ഉള്‍പ്പെടെ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചിട്ടുമുണ്ട്.
അതിതീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പത്തനംതിട്ട ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചു. നാളെ മുതല്‍ 23 വരെ ഗവി ഉള്‍പ്പെടെയുള്ള മലയോരമേഖലയിലേക്കുള്ള യാത്രയാണ് നിരോധിച്ചത്. റാന്നി, കോന്നി മേഖലയിലെ ദുരന്തസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ ആളുകളെ ഒഴിപ്പിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അതിതീവ്ര മഴ കണക്കിലെടുത്ത് നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തുപരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്
ഞായറാഴ്ചയും തിങ്കളാഴ്ചയും പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇതേദിവസം തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
ചൊവ്വാഴ്ച തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.